പി.വി അൻവറിന് പിന്തുണ ആവർത്തിച്ച് യു. പ്രതിഭ; ‘സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ’
text_fieldsകോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയതിന് പിന്നാലെയും പി.വി അൻവറിനുള്ള പിന്തുണ ആവർത്തിച്ച് ഇടത് എം.എൽ.എ അഡ്വ. യു. പ്രതിഭ. പാർട്ടി അൻവറിനെ തള്ളിയിട്ടില്ലെന്നും പിന്തുണ മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭ പറഞ്ഞു. ആജീവനാന്ത പിന്തുണയാണ് അൻവറിന് നൽകിയത്. ഈ വിഷയത്തിൽ ആദ്യം മുതൽ അദ്ദേഹത്തെ പിന്തുണക്കുന്നുണ്ട്. പിന്തുണ ഒരു നിമിഷത്തേക്ക് മാത്രമല്ല പ്രഖ്യാപിക്കുന്നത്. ശരിയായ കാര്യത്തിന് നൽകുന്ന പിന്തുണ ആജീവനാന്തമാണെന്നും അവർ ചൂണ്ടിക്കാട്ടി.
അൻവറിന്‍െ നിരീക്ഷണങ്ങൾ കൃത്യമാണ്. ഒരു വ്യക്തി സർവീസിൽ ഇരിക്കുന്ന കാലത്ത് ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്നെങ്കിൽ അയാൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. എ.ഡി.ജി.പിയെ അന്വേഷണ വിധേയമായി മാറ്റിനിർത്തണം. അൻവറിന്‍റെ ധൈര്യത്തിന് പിന്തുണ നൽകേണ്ടതാണ്. പരാതികളുമായി പലയിടത്തും പോയപ്പോഴുണ്ടായ ദുരനുഭവങ്ങൾ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേ അനുഭവങ്ങൾ തനിക്കും ഉണ്ടായിട്ടുണ്ട്.
അൻവർ ഉന്നയിക്കുന്ന വിഷയമാണ് പരിശോധിക്കേണ്ടത്. സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ. യേശു ക്രിസ്തുവും സോക്രട്ടീസുമെല്ലാം അങ്ങനെ ഒറ്റപ്പെട്ടവരാണ്. അൻവറിന് സി.പി.എമ്മിൽ ആരോടും പക തീർക്കേണ്ട കാര്യമില്ല. അൻവറിനെ ഒറ്റപ്പെടുത്തിയാൽ ഇനി ആരും ഇതുപോലുള്ള കാര്യങ്ങൾ തുറന്നു പറയാൻ ധൈര്യപ്പെടില്ല. അത്തരമൊരു അവസ്ഥയുണ്ടാകരുത്. ഇനിയുള്ളവരും സത്യം വിളിച്ചു പറയാൻ ധൈര്യത്തോടെ മുന്നോട്ടുവരണം.
പൊലീസ് തലപ്പത്തുവള്ളവർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യരുത്. അനധികൃതമായി ആര് സ്വത്ത് സമ്പാദിച്ചാലും തെറ്റാണ്. എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ലഘുവായി കാണാൻ പാടില്ല. സർവീസിൽ ഇരിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കമുണ്ട്. ഉദ്യോഗം വലിച്ചെറിഞ്ഞിട്ട് എന്തും പറയാം, പ്രവർത്തിക്കാം. സുരേഷ് ഗോപി സിനിമ ഡയലോഗ് അടിക്കുന്നതു പോലെയല്ല ജീവിതം. ജനപ്രതിനിധികളായാലും സത്യസന്ധമായി മനുഷ്യർക്ക് വേണ്ടിയാണ് പണിയെടുക്കേണ്ടതെന്നും വാർത്താസൈറ്റിന് നൽകിയ അഭിമുഖത്തിൽ യു. പ്രതിഭ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് പി.വി. അൻവർ എം.എൽ.എയെ സി.പി.എം കൈവിട്ടത്. പാർട്ടിക്കും സർക്കാറിനുമെതിരെ തുടർച്ചയായ ആരോപണങ്ങളുന്നയിക്കുന്നത് അവസാനിപ്പിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അസാധാരണ വാർത്തക്കുറിപ്പിൽ ഞായറാഴ്ച അൻവറിനോട് ആവശ്യപ്പെടുകയായിരുന്നു.
സി.പി.എം തീരുമാനത്തിന് വഴങ്ങി വിവാദ വിഷയങ്ങളിലെ പരസ്യ പ്രസ്താവന താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പി.വി. അൻവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പാർട്ടിയിൽ പൂർണ വിശ്വാസമുണ്ട്. നീതി ലഭിക്കും എന്നുറപ്പുണ്ട്. പാർട്ടിയാണ് എല്ലാത്തിനും മുകളിൽ. പരാതികൾക്ക് പരിഹാരമുണ്ടാവുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ, എളിയ ഇടതു മുന്നണി പ്രവർത്തകൻ എന്ന നിലയിൽ, പാർട്ടി നൽകിയ നിർദേശം ശിരസ്സാ വഹിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് അൻവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.