വിജയക്കരയിൽ യു.ആർ. പ്രദീപ്
text_fieldsതൃശൂർ: ചേലക്കര വീണ്ടും ചുവന്നു. 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.ആർ. പ്രദീപ് മണ്ഡലത്തെ ഇടതു ചേർത്ത് നിലനിർത്തിയത്. കഴിഞ്ഞ കാൽനൂറ്റാണ്ടിൽ തുടരുന്ന അപ്രമാദിത്വം കന്നി ഉപതെരഞ്ഞെടുപ്പിലും സി.പി.എം ആവർത്തിച്ചു.
ആകെ പോൾ ചെയ്തതിൽ 64,827 വോട്ടുകൾ നേടിയാണ് പ്രദീപ് വിജയിച്ചത്. പ്രചാരണ രംഗത്ത് സജീവമായിട്ടും യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് 52,626 വോട്ടാണ് ലഭിച്ചത്. മണ്ഡലത്തിൽ വോട്ടുനില ഉയർത്തുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനം പാഴ്വാക്കായില്ല. 33,609 വോട്ട് നേടി എൻ.ഡി.എ സ്ഥാനാർഥി കെ. ബാലകൃഷ്ണൻ മൂന്നാമതെത്തി. മുന്നണികളെ വെല്ലുവിളിച്ച് പി.വി. അൻവർ എം.എൽ.എയുടെ ഡി.എം.കെ പിന്തുണയോടെ മത്സരത്തിനിറങ്ങിയ കോൺഗ്രസ് നേതാവ് എൻ.കെ. സുധീർ 3,920 വോട്ടുകളാണ് നേടിയത്.
ഒമ്പത് പഞ്ചായത്തുകളിലും പോസ്റ്റൽ വോട്ടിലും വ്യക്തമായ മേൽക്കോയ്മ നിലനിർത്താൻ യു.ആർ. പ്രദീപിനായി. ശനിയാഴ്ച ചെറുതുരുത്തിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ തപാൽ വോട്ട് എണ്ണിത്തുടങ്ങിയത് മുതൽ സി.പി.എം തന്നെയായിരുന്നു മുന്നിൽ. 1486 തപാൽ വോട്ടുകളിൽ 568 എണ്ണം എൽ.ഡി.എഫ് നേടി. 489 വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചു. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടന്നത്. ഈ റൗണ്ടുകളിലെല്ലാം എൽ.ഡി.എഫ് തന്നെയായിരുന്നു മുന്നിൽ. ഒമ്പതു പഞ്ചായത്തുകളിലും യു.ആർ. പ്രദീപ് തന്നെയായിരുന്നു മുന്നിൽ. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും അവർക്ക് ഭൂരിപക്ഷം നിലനിർത്താൻ സാധിച്ചില്ല.
ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പ് എന്ന ആത്മവിശ്വാസം അവസാന നിമിഷം വരെ കോൺഗ്രസ്, യു.ഡി.എഫ് ക്യാമ്പുകൾ നിലനിർത്തിയിരുന്നു. ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതടക്കം പ്രചാരണത്തിൽ യു.ഡി.എഫ് വളരെ മുന്നിലായിരുന്നു. പരമ്പരാഗത കോൺഗ്രസ് ഇടങ്ങൾ പോലും അവരെ പിന്തുണച്ചില്ല. ബി.ജെ.പി പ്രാദേശിക നേതാക്കളുടെ കണക്കുകൂട്ടലാണ് കൃത്യമായി പ്രതിഫലിച്ചത്. വിജയം പ്രതീക്ഷിക്കുന്നില്ലെന്നും 35000 വോട്ടുകൾ നേടുകയാണ് ലക്ഷ്യമെന്നും ബി.ജെ.പി നേതാക്കൾ സ്വകാര്യമായി പറഞ്ഞിരുന്നു. 33609 വോട്ടുകൾ ബി.ജെ.പി സ്ഥാനാർഥി കെ. ബാലകൃഷ്ണൻ നേടി. ലോക്സഭ തെരഞ്ഞെടുപ്പിൽ അവരുടെ സ്ഥാനാർഥി ചേലക്കരയിൽ നേടിയതിനേക്കാൾ 5000ത്തോളം വോട്ടുകൾ കൂടുതൽ.
യു.ഡി.എഫിനെയും കോൺഗ്രസിനെയും വെല്ലുവിളിച്ചാണ് പി.വി. അൻവർ എം.എൽ.എയുടെ പിന്തുണയോടെ എൻ.കെ. സുധീർ മത്സരത്തിനിറങ്ങിയത്. സുധീറിന് 3920 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സ്വതന്ത്ര സ്ഥാനാർഥികളും വലിയ ചലനം സൃഷ്ടിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.