മലയാള സാഹിത്യത്തിലെ വേറിട്ട ശബ്ദമായിരുന്നു യു.എ. ഖാദർ -കെ.വി. മോഹൻകുമാർ
text_fieldsകോഴിക്കോട്: മലയാള സാഹിത്യത്തിലെ വേറിട്ട ശബ്ദമായിരുന്നു യു.എ. ഖാദറിന്റേതെന്ന് എഴുത്തുകാരൻ കെ.വി. മോഹൻകുമാർ. മൊഴിയിലും നാട്ടുവഴക്കത്തിലും വ്യത്യസ്തത പുലർത്തിയപ്പോഴും അദ്ദേഹം ദേശസ്വത്വ പ്രതിസന്ധി അനുഭവിച്ചിരുന്നു. പന്തലായനിയുടെ ഭാഷയെയും സംസ്കാരത്തെയും പകർത്തുമ്പോഴും അദ്ദേഹം അസ്തിത്വദുഃഖം അനുഭവിച്ചിരുന്നു. ഏഴു വയസ്സുവരെ ബർമയിൽ ജീവിച്ച യു.എ. ഖാദറിനെ ബാല്യകൗമാരങ്ങളിലെല്ലാം ഈ പ്രതിസന്ധി അലട്ടിയിരുന്നതായി അദ്ദേഹം സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞിട്ടുണ്ടെന്നും മോഹൻകുമാർ അനുസ്മരിച്ചു. യു.എ. ഖാദർ അനുസ്മരണ സമിതി സംഘടിപ്പിച്ച രണ്ടുദിവസങ്ങളായി നീണ്ടുനിന്ന അനുസ്മരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ഖദീജ മുംതാസ് അധ്യക്ഷതവഹിച്ചു. ‘ബഹുസ്വര ജീവിതത്തെ ഭയപ്പെടുന്നതാര്’ എന്ന വിഷയത്തിൽ കവി പി.എൻ. ഗോപീകൃഷ്ണൻ സ്മാരക പ്രഭാഷണം നടത്തി. വിത്സൺ സാമുവൽ, പുരുഷൻ കടലുണ്ടി, ഐസക് ഈപ്പൻ, യു.എ. ഫിറോസ് എന്നിവരും പങ്കെടുത്തു. സുനിൽ അശോകപുരത്തിന്റെ നേതൃത്വത്തിൽ നടത്തിയ യു.എ. ഖാദറിന്റെ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള ചിത്രരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് മുക്കം സലീം അവതരിപ്പിച്ച മെഹ്ഫിൽ അരങ്ങേറി. നേരത്തെ യു.എ. ഖാദറിന്റെ കഥകളെക്കുറിച്ചും നവോത്ഥാന കഥകളെക്കുറിച്ചും ചർച്ചകൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.