സ്വർണക്കടത്തിന് കോൺസുലേറ്റ് വാഹനം ഉപയോഗിച്ചുവെന്ന് ജയഘോഷിൻെറ മൊഴി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തിന് കോൺസുലേറ്റ് വാഹനം ഉപയോഗിച്ചിരുന്നുവെന്ന് അറ്റാഷെയുടെ ഗൺമാൻ ജയഘോഷിൻെറ മൊഴി. ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് സംഘത്തോടാണ് അജയഘോഷ് ഇക്കാര്യം പറഞ്ഞത്. സ്വപ്നയും സരിത്തും സ്വർണക്കടത്തിനായി തന്നെ ഉപയോഗിച്ചിരുന്നുവെന്നും ബാഗേജിൽ സ്വർണമാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നുമാണ് ജയഘോഷ് പറഞ്ഞത്. എൻ.ഐ.എ സംഘവും ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു.
സരിത്തില്ലാത്തപ്പോഴാണ് വിമാനത്താവളത്തിലേക്ക് ജയഘോഷിനെ സ്വപ്ന ബാഗേജ് വാങ്ങുന്നതിനായി പറഞ്ഞയച്ചിരുന്നത്. ജൂൺ 30ന് വിമാനത്താവളത്തിലെ കൗണ്ടർ വഴി സ്വർണം എത്തിയപ്പോഴും സരിത്തിനൊപ്പം ബാഗേജ് വാങ്ങുന്നതിനായി ജയഘോഷും പോയിരുന്നു. എന്നാൽ അപ്പോഴൊന്നും തനിക്ക് ഇത് സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യമാണെന്ന് അറിയുമായിരുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ജയഘോഷ് പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യം അറിഞ്ഞപ്പോൾ താൻ സ്വപ്നെയ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തില്ല. പിന്നീട് തിരിച്ചു വിളിച്ചു. ഇമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്ത പരിചയം ഉപയോഗിച്ച് എന്തുകൊണ്ട് ബാഗേജ് വിട്ടുകിട്ടാൻ സഹായിച്ചുകൂട എന്നു ചോദിച്ച് സ്വപ്ന തന്നോട് ദേഷ്യപ്പെട്ടുവെന്നും ജയഘോഷ് മൊഴി നൽകിയിട്ടുണ്ട്. തനിക്ക് വധഭീഷണി ഉണ്ടെന്നും ജയഘോഷ് പറഞ്ഞിരുന്നു.
ഇതിനിടെ അറ്റാഷെ സന്ദർശിച്ച പാറ്റൂരിലെ ഫ്ലാറ്റിൽ എൻ.ഐ.എ സംഘം പരിശോധന നടത്തി. ഇവിടെ യു.എ.ഇ കോൺസുലേറ്റിലെ നാല് നയതന്ത്രജ്ഞർ താമസിച്ചിരുന്നു. ഫ്ലാറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ ഇവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങളും സന്ദർശക ഡയറിയുമാണ് സംഘം പരിശോധിച്ചത്. സെക്യുരിറ്റി ജീവനക്കാരനുമായി സംസാരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.