ഫൈസൽ ഫരീദിനെ യു.എ.ഇ ഇന്ത്യക്ക് കൈമാറും
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ദുബൈയിൽ കഴിയുന്ന പ്രധാന പ്രതിയും തൃശൂർ കയ്പമംഗലം സ്വദേശിയുമായ ഫൈസൽ ഫരീദിനെ യു.എ.ഇ ഇന്ത്യക്ക് കൈമാറും. നേരത്തേ ഇയാളെ വിട്ടുകിട്ടണമെന്ന് ഇന്ത്യ യു.എ.ഇയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എന്ന് കൈമാറും എന്നതിനെക്കുറിച്ച് വ്യക്തമല്ല.
കഴിഞ്ഞദിവസം ഫൈസൽ ഫരീദിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എൻ.ഐ.എയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണിത്. നോട്ടീസ് വിമാനത്താവളങ്ങൾ അടക്കം ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചിരുന്നു. ഇന്ത്യയിലേക്കുള്ള വരവ് നിരീക്ഷിക്കാനായിരുന്നു നടപടി.
പ്രതിയുടെ യു.എ.ഇയിലെ പ്രവർത്തനങ്ങളെക്കുറിച്ച വിവരം ലഭിക്കുന്നതിന് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ എൻ.ഐ.എ ഇൻറർപോളിനെയും സമീപിച്ചിരുന്നു. ഇതിലൂടെ ഇയാളുടെ ബിസിനസ്, കള്ളക്കടത്ത് ഇടപാടിലെ അവിടുത്തെ കണ്ണികളുമായി ബന്ധം എന്നിവ അടുത്തദിവസംതന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ.
ദിവസങ്ങൾക്കുമുമ്പ് പ്രതിക്കെതിരെ എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടിലെത്തിക്കാൻ നടപടി ഊർജിതമാക്കിയിരുന്നത്. പ്രതി ദുബൈ വിടുന്നത് തടയാൻ യു.എ.ഇ അധികൃതർ നടപടി സ്വീകരിച്ചിരുന്നു.
എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരുടെ ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായി. തുടർന്നാണ് ഇരുവരെയും തെളിവെടുപ്പിന് തിരുവനന്തപുരത്തെത്തിച്ചത്. കസ്റ്റഡിയിലുള്ള മറ്റൊരു പ്രതി സരിത്തിനെ എൻ.ഐ.എ ചോദ്യം ചെയ്യുകയാണ്. കുറ്റകൃത്യം സംബന്ധിച്ച് കസ്റ്റംസിന് നൽകിയ മൊഴി ആവർത്തിച്ച പ്രതി ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ പങ്കും വെളിപ്പെടുത്തിയതായാണ് സൂചന. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിനെയും ചോദ്യം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.