യു.എ.ഇ മന്ത്രി മുഹമ്മദ് അൽ ഗർഗാവി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചു
text_fieldsതിരുവനന്തപുരം: യു.എ.ഇ ക്യാബിനറ്റ്, ഭാവികാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അൽഗർഗാവി കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻസായിദ് അൽ നഹ്‌യാൻ, വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിൻ റാശിദ് അൽ മക്തൂം അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപമേധാവിയുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, യു.എ.ഇ ജനത എന്നിവരുടെ അനുശോചനവും സഹായ സന്നദ്ധതയും അറിയിച്ചു.
പ്രളയത്തിൽ കേരളത്തിൽ 320 ആളുകൾ മരിച്ചിട്ടുണ്ട്. 1.5 ലക്ഷം ആളുകൾ ഭവനരഹിതരായിട്ടുണ്ട്. നൂറു വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ മഴയും പ്രളയവുമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന് ആവശ്യമായ സഹായം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ, ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ എന്നിവർ എല്ലാവിധ സഹായത്തിനും നിർദേശിച്ചിട്ടുണ്ട് -അൽ ഗർഗാവി അറിയിച്ചു.
പ്രളയ ബാധിത പ്രദേശങ്ങളിൽ ഇന്ത്യൻ ഭരണകൂടത്തെ സഹായിക്കാനും ഇരുരാജ്യങ്ങളും സഹോദരതുല്യവും ചരിത്ര പ്രധാനവുമായ ബന്ധം പ്രതിഫലിപ്പിക്കാനും ശ്രമിക്കും. യു.എ.ഇയിൽ അടിയന്തര ദേശീയ സമിതി രൂപവത്കരിക്കാൻ പ്രസിഡന്‍റ് ശൈഖ്ഖലീഫ ബിൻ സായിദ് ഇന്നലെ നിർദേശിച്ചിരുന്നു. ഇന്ത്യൻ സമൂഹത്തിന്‍റെ സഹായത്തോടെ, യു.എ.ഇ റെഡ്ക്രസന്‍റ് സൊസൈറ്റി, ജീവകാരുണ്യ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ പ്രസിഡന്‍റിന്‍റെ നിർദേശം ഉടൻ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ നിരവധി സ്വകാര്യ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.