രൂപേഷിനെതിരെ യു.എ.പി.എ; സുപ്രീം കോടതിയിലെ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ
text_fieldsകൊച്ചി: മാവോവാദി നേതാവ് രൂപേഷിനെതിരായ കേസുകളിൽ യു.എ.പി.എ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹരജി സംസ്ഥാന സർക്കാർ പിൻവലിക്കുന്നു. എത്രയും വേഗം ഇതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എം.പി. പ്രിയമോൾ അഡ്വക്കറ്റ് ജനറലിന് കത്ത് നൽകി. ഇതിന് പിന്നാലെ ഹരജി പിൻവലിക്കാൻ സുപ്രീംകോടതിയിലെ സർക്കാർ അഭിഭാഷകന് അഡ്വക്കറ്റ് ജനറൽ ഓഫിസിൽനിന്ന് നിർദേശം നൽകി.
സുപ്രീംകോടതിയിൽ കേസ് വീണ്ടും പരിഗണനക്കെത്തുമ്പോൾ സംസ്ഥാന സർക്കാറിന്‍റെ അഭിഭാഷകൻ ഇക്കാര്യം കോടതിയിൽ ഉന്നയിക്കും. അഡ്വക്കറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തുടങ്ങിയവർ നൽകിയ നിയമോപദേശത്തിന്‍റെയും സർക്കാർ നടപടിക്കെതിരെ ഉയർന്നുവന്ന പൊതുവികാരത്തിന്‍റെയും അടിസ്ഥാനത്തിലാണ് അടിയന്തര നീക്കം നടന്നത്. അതിനേക്കാൾ ഉപരി വിഷയത്തിൽ സി.പി.എം കേന്ദ്ര നേതൃത്വം രൂക്ഷമായ എതിർപ്പ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതും പുതിയ നീക്കത്തിന് കാരണമാണ്.
കുറ്റ്യാടി, വളയം സ്റ്റേഷനുകളിലെ മൂന്നു കേസിൽ രൂപേഷിനെതിരെ ചുമത്തിയ യു.എ.പി.എ ഹൈകോടതി ഒഴിവാക്കിയതിനെതിരെ സർക്കാർ നൽകിയ സ്പെഷൽ ലീവ് പെറ്റീഷനാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരിവെക്കുകയായിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മാരകായുധങ്ങളുമായി മാവോവാദി ലഘുലേഖകൾ വിതരണം ചെയ്തെന്ന കേസുകളാണ് രൂപേഷിനെതിരെയുള്ളത്.
ഇതിൽ തീവ്രവാദ പ്രവർത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ അധികൃതർ കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് ആദ്യം നൽകിയ ഹരജി കോഴിക്കോട് അഡീ. സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. യു.എ.പി.എ ചുമത്താനുള്ള തെളിവുകൾ വ്യക്തമാക്കി അന്വേഷണസംഘം നൽകുന്ന റിപ്പോർട്ടിൽ ഇതേ നിയമപ്രകാരം രൂപംനൽകിയ ശിപാർശ സമിതി ഒരാഴ്ചക്കകം തീരുമാനമെടുക്കണമെന്ന ചട്ടം പാലിച്ചിട്ടില്ലെന്ന് ഹൈകോടതി ബെഞ്ചുകൾ കണ്ടെത്തി. ശിപാർശ സമിതി തീരുമാനത്തിന്മേൽ ഒരാഴ്ചക്കകം സർക്കാറിന്‍റെ അനുകൂല തീരുമാനമുണ്ടാകണം. ഈ വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ലെന്ന വാദങ്ങൾ ഡിവിഷൻ ബെഞ്ചും അംഗീകരിക്കുകയായിരുന്നു.
രൂപേഷിന്റെ കേസിൽ തീരുമാനമെടുക്കാൻ നാലു മുതൽ ആറു മാസം വരെ സമയമെടുത്തെന്ന് കണ്ടെത്തിയാണ് യു.എ.പി.എ ചുമത്തിയ നടപടി റദ്ദാക്കിയത്. മെറിറ്റിന്‍റെ അടിസ്ഥാനത്തിലല്ല ഹൈകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത്. ഡിവിഷൻ ബെഞ്ച് വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. സർക്കാറിന്‍റെ ഹരജിയിൽ സുപ്രീംകോടതി നോട്ടീസ് അയക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ, യു.എ.പി.എ പുനഃസ്ഥാപിക്കാനുള്ള നീക്കം വൻ വിമർശനത്തിനാണ് വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.