യു.എ.പി.എ കേസുകൾ: വിവരങ്ങൾ രഹസ്യമാക്കി സർക്കാർ
text_fieldsതിരുവനന്തപുരം: യു.എ.പി.എ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തുടക്കം മുതല്‍തന്നെ രഹസ്യമാക്കിവെക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നത്. 2020ൽ നിയമസഭയിൽ അന്നത്തെ എം.എൽ.എയായിരുന്ന ഷാനിമോൾ ഉസ്മാൻ ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് എത്ര കേസുകളിൽ യു.എ.പി.എ ചുമത്തിയിട്ടുണ്ടെന്നും ഏതൊക്കെ കേസുകളിലാണ് യു.എ.പി.എ ചുമത്തിയതെന്നും ഇവയിൽ എത്ര കേസുകൾ എൻ.ഐ.എ ഏറ്റെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചെങ്കിലും വിവരം ശേഖരിച്ച് വരുന്നു എന്ന മറുപടി മാത്രമാണ് നൽകിയത്.
ഒന്നാം പിണറായി സർക്കാറിന്റെ കാലയളവില്‍ എത്ര പേര്‍ക്കെതിരെയാണ് യു.എ.പി.എ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുള്ളത്, ഇവരുടെ പേര് വിവരങ്ങള്‍, ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍, സംസ്ഥാനത്ത് നിലവില്‍ യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരായി കഴിയുന്നവരുടെ എണ്ണം, ഇവരുടെ പേരില്‍ ചുമത്തപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍, ഇവര്‍ ഓരോരുത്തരും ഇതിനോടകം അനുഭവിച്ച ജയില്‍വാസത്തിന്റെ കാലാവധി തുടങ്ങിയ വിശദാംശങ്ങൾ 2021ൽ കെ.കെ. രമ നിയമസഭയിൽ ആവശ്യപ്പെട്ടെങ്കിലും ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെടുന്നതും പ്രത്യേക കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്നതുമായ കേസിലെ പ്രതികളുടെ വിവരങ്ങള്‍ നല്‍കാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. യു.എ.പി.എ ചുമത്തപ്പെട്ട കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ടതും യു.എ.പി.എ പിന്‍വലിക്കപ്പെട്ടതുമായ കേസുകളുടെ വിശദാംശങ്ങള്‍ മാത്രമാണ് അന്ന് കെ.കെ. രമക്ക് നല്‍കിയത്.
അതേസമയം, പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം 2021 മേയ് 19 വരെ 145 യു.എ.പി.എ കേസുകളാണ് ചുമത്തിയതെന്ന് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രോസിക്യൂഷന് അനുമതി കിട്ടിയത് എട്ട് കേസുകളില്‍ മാത്രം. 2014ല്‍ യു.എ.പി.എ പ്രകാരം കേരളത്തില്‍ എടുത്തത് 30 കേസുകളാണെങ്കില്‍ 2015ല്‍ ഇത് 35 ആയി. 2016ല്‍ 36 ഉം. 2017ല്‍ നാലായി ഇവ ചുരുങ്ങിയെങ്കിലും 2018ല്‍ 17ലേക്കും തുടര്‍ന്ന് 29 കേസുകളുമായി വർധിക്കുകയും ചെയ്തു.
സുപ്രീംകോടതിയുടേതടക്കമുള്ള ശക്തമായ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ യു.എ.പി.എ കേസുകള്‍ പുനഃപരിശോധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പുനഃപരിശോധനയുടെ മാനദണ്ഡമെന്താണെന്നോ ആരാണ് പുനഃപരിശോധന നടത്തുന്നതെന്നത് സംബന്ധിച്ച കാര്യങ്ങളിലോ അന്നും ഇന്നും സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. പിന്നീട് 43 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയതായും ആ കേസുകളില്‍ യു.എ.പി.എ വകുപ്പുകള്‍ നീക്കം ചെയ്യുമെന്നും ഡി.ജി.പിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ 43 കേസുകള്‍ ഏതാണെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.