യു.എ.പി.എ: സർക്കാർ അവസരവാദം തെളിഞ്ഞു
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ തടവുകാർക്കെതിരായ യു.എ.പി.എ കേസുകളിൽ പിണറായി സർക്കാറിെൻറ അവസരവാദ നിലപാട് വീണ്ടും തെളിയുന്നു.
അലൻ താഹ കേസിൽ സംസ്ഥാന പൊലീസിെൻറ വാദം തള്ളപ്പെട്ടതോടെ രാഷ്ട്രീയ തടവുകാർക്കെതിരായ യു.എ.പി.എ കേസുകൾ പിൻവലിക്കണമെന്ന ആവശ്യം ശക്തമാണ്. പക്ഷേ, കോടതികൾ തള്ളിയ കേസുകളിൽ പോലും തുടർ നടപടിയിലാണ് സംസ്ഥാന സർക്കാർ.
മാവോവാദി നേതാവ് രൂപേഷിനെതിരെ കോഴിക്കോട് ജില്ലയിലെ മൂന്ന് കേസുകൾ വിചാരണ പോലുമില്ലാതെ തള്ളിയ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സർക്കാർ സമീപിച്ചു. സെപ്റ്റംബർ 21ന് ഇത് പരിഗണിക്കും.
സംസ്ഥാനത്ത് രൂപേഷിനെതിരെ നിലവിലുള്ള 26 ഒാളം കേസുകളിൽ ഒന്നൊഴികെ 25 ലും സംസ്ഥാന പൊലീസിെൻറ ആഭ്യന്തര സുരക്ഷ അേന്വഷണ ടീമായ െഎ.എസ്.െഎ.ടിയാണ് അന്വേഷിക്കുന്നത്. ഇതിൽ 18 കേസിലെങ്കിലും അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ചു.
ഇതിനിടെ, യു.എ.പി.എ നിയമമനുസരിച്ച് വിചാരണ അനുമതി നൽകാനുള്ള സമയക്രമം പാലിച്ചില്ലെന്ന് രൂപേഷ് ഹൈകോടതിയിൽ ചൂണ്ടിക്കാട്ടി. ഇതോടെ മൂന്ന് കേസുകൾ വിചാരണയിൽനിന്നു തന്നെ ഒഴിവാക്കി. മറ്റു കേസുകളിലും തിരിച്ചടി ഭയന്ന ആഭ്യന്തര വകുപ്പ് കേരള ആൻറി ടെററിസം സ്ക്വാഡ് (എ.ടി.എസ്) എന്ന വിഭാഗം രൂപവത്കരിച്ച് ജാമ്യ നടപടി അട്ടിമറിച്ചു.
അഞ്ചുവർഷമായി രൂപേഷ് തടവിലാണ്. യു.എ.പി.എ കേസിൽ പ്രതികളാക്കപ്പെട്ടവർക്ക് ദുർബലമായ അവകാശമാണ് ജാമ്യത്തിന് ലഭിക്കുന്നത്. അതുപോലും തടയുകയാണ് സർക്കാറെന്നാണ് ആക്ഷേപം. സി.പി.എമ്മിെൻറ അവസരവാദ രാഷ്ട്രീയം പ്രകടമായി യു.എ.പി.എ കേസുകളിൽ കാണാൻ സാധിക്കുമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി തുഷാർ നിർമൽ സാരഥി 'മാധ്യമ'ത്തോട് പറഞ്ഞു.
യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ച ഡാനിഷിനെതിരെ പുതിയ കേസ് ചാർജ് ചെയ്താണ് ജയിലിൽനിന്ന് പുറത്തിറങ്ങുന്നത് പൊലീസ് തടഞ്ഞത്. യു.എ.പി.എ ചുമത്തി അനാവശ്യമായി തടവിലിട്ട ശ്യാം ബാലകൃഷ്ണന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച ഹൈകോടതി വിധിക്കെതിരെയും സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു.
സംസ്ഥാനത്ത് ആദ്യമായി യു.എ.പി.എ ചുമത്തിയത് 2006 ൽ വി.എസ് സർക്കാറാണ്- പാനായിക്കുളം കേസിൽ. മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. പിന്നാലെ, പീപിൾസ് മാർച്ച് പത്രാധിപർ ഗോവിന്ദൻ കുട്ടിക്കെതിരെയും 2007ൽ യു.എ.പി.എ ചുമത്തി. ഇതിൽ വിചാരണ ആരംഭിച്ചിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.