ട്രെയിൻ തീവെപ്പ്: പ്രതിക്കെതിരെ യു.എ.പി.എ ചുമത്തി
text_fieldsകോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഡൽഹി ശാഹീൻ ബാഗ് സ്വദേശി ഷാറൂഖ് സെയ്ഫിക്കെതിരെ അന്വേഷണ സംഘം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള നിയമം (യു.എ.പി.എ) ചുമത്തി. അന്വേഷണ സംഘം ഇത് സംബന്ധിച്ച് കേസ് പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചു. യു.എ.പി.എയുടെ 16ാം വകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയത്.
തീവ്രവാദ പ്രവർത്തനം വഴി മരണം സംഭവിച്ചതിനുള്ള കുറ്റമാണിത്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്നതാണ് കുറ്റം. പിഴയും ചുമത്താം. സംഭവത്തിൽ തീവ്രവാദബന്ധമുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചുവരുന്നു. യു.എ.പി.എ ചുമത്തിയതോടെ കേസ് പ്രത്യേക കോടതിയായി പ്രവൃത്തിക്കുന്ന ജില്ല സെഷൻസ് കോടതിയിലേക്ക് മാറും. എൻ.ഐ.എക്ക് കൈമാറിയാൽ എറണാകുളം പ്രത്യേക കോടതിയിലേക്കും മാറും. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്ത കാലാവധി ചൊവ്വാഴ്ച കഴിയാനിരിക്കെയാണ് അന്വേഷണ സംഘം പുതിയ കുറ്റം ചുമത്തിയത്. 18ന് വൈകീട്ട് ആറുവരെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതിക്കുവേണ്ടി നൽകിയ ജാമ്യാപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കും. പ്രതി ഒരുദിവസം മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ കേരളത്തിന് പുറത്തുള്ള തെളിവെടുപ്പും വേണ്ടി വരും. തിങ്കളാഴ്ചയോടെ തെളിവെടുപ്പ് പൂർത്തിയാക്കാനായില്ലെങ്കിൽ പ്രതിയുടെ കസ്റ്റഡി ഇനിയും നീട്ടിക്കിട്ടാൻ പൊലീസിന് അപേക്ഷ നൽകേണ്ടി വരും.
ശനിയാഴ്ച പ്രതിയെ ഷൊർണൂരിലെത്തിച്ചു തെളിവെടുത്തിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ താമസിപ്പിച്ച മാലൂർകുന്ന് എ.ആർ ക്യാമ്പിൽ തിരിച്ചറിയൽ പരേഡും നടത്തിക്കഴിഞ്ഞു. കണ്ണൂരിൽ നിന്നുള്ള ട്രെയിൻയാത്രക്കാരായ സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, ഐ.ജി നീരജ് കുമാർ ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. മട്ടന്നൂർ, മാലൂർ എന്നിവിടങ്ങളിലെ ദൃക്സാക്ഷികളിൽനിന്ന് വ്യാഴാഴ്ചതന്നെ പൊലീസ് വിശദമായ മൊഴിയെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.