യു.എ.പി.എ: ഇടതുപക്ഷത്തിന്റെ കാപട്യം പുറത്തായി -താഹ ഫസൽ
text_fieldsകോഴിക്കോട്: ഇടതുപക്ഷത്തിന്റെ കാപട്യമാണ് പന്തീരാങ്കാവ് യു.എ.പി.എ കേസിലൂടെ പുറത്തായതെന്ന് ജാമ്യം ലഭിച്ച താഹ ഫസൽ. ജയിൽ മോചിതനായതിൽ സന്തോഷമുണ്ടെന്നും മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിൽ താഹ പറഞ്ഞു.
'വക്കീലുമാരടക്കം ഒരുപാട് പേർ കൂടെനിന്നു. നിരവധി പേരുടെ പ്രയത്നത്തിന്റെ ഫലമായാണ് ഈ ജാമ്യം. ആർക്കെതിരെയും യു.എ.പി.എ ചുമത്തുന്ന ഈ കാലത്ത് ജനങ്ങൾ അതിനെതിരെ ജാഗ്രത പുലർത്തണം.
തങ്ങൾ യു.എ.പി.എക്ക് എതിരാണെന്ന് പ്രസംഗിക്കുന്നവരാണ് ഇടതുപക്ഷം. എന്നാൽ, അവർ തന്നെയാണ് ഇവിടെ യു.എ.പി.എ ചുമത്തിയത്. ഇടതുപക്ഷത്തിന്റെ കാപട്യമാണ് ഇവിടെ തുറന്നുകാട്ടപ്പെട്ടത്. തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വേദന തോന്നിയിട്ടില്ല. എന്നാൽ, അതിലൂടെ അവരുടെ കാപട്യം തുറന്നുകാണിക്കാനായി.
ഒരുപാട് പേർ കൂടെയുള്ളതിനാൽ ഒരിക്കലും ഒറ്റപ്പെടൽ അനുഭവപ്പെട്ടിട്ടില്ല. നാട്ടുകാരും നല്ല പിന്തുണയാണ് നൽകിയത്. മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ തന്നെയാണ് തീരുമാനം.
രണ്ട് വർഷത്തെ ജയിൽവാസം ഒരു ആക്റ്റിവിസ്റ്റ് എന്ന നിലക്ക് ഊർജം തരുന്നുണ്ട്. ധാരാളം അനുഭവങ്ങളാണ് ലഭിച്ചത്. അവ മുന്നോട്ടുള്ള പോക്കിന് കരുത്താകും' -താഹ പറഞ്ഞു.
പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ച താഹ ഫസൽ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സഹോദരനും ബന്ധുക്കൾക്കുമൊപ്പം വീട്ടിലെത്തിയത്. വൈകീട്ടോടെയാണ് നടപടി പൂർത്തിയാക്കി ജയിലിൽ നിന്നിറങ്ങിയത്.എൻ.ഐ.എ കോടതി 2020 സെപ്റ്റംബറിൽ താഹ ഫസലിന് ജാമ്യം നൽകിയിരുന്നു. എന്നാൽ, ഈ വർഷം ജനുവരി അഞ്ചിന് ഹൈകോടതി ജാമ്യം റദ്ദാക്കിയതോടെ വീണ്ടും ജയിലിലായി. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചാണ് കഴിഞ്ഞ ദിവസം ജാമ്യം നേടിയത്.
താഹക്ക് ഹൈകോടതി ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീംകോടതി
ന്യൂഡൽഹി: വ്യക്തവും ശക്തവുമായ തെളിവില്ലാതെ മാവോവാദി ബന്ധത്തിെൻറ പേരിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരെ യു.എ.പി.എയുടെ കടുത്ത വ്യവസ്ഥകൾ ചുമത്തുകയും, താഹ ജാമ്യം നിഷേധിക്കപ്പെട്ട് 570ലേറെ ദിവസമായി ജയിലിൽ കഴിയേണ്ടി വരുകയും ചെയ്തതിനെതിരെ സുപ്രീംകോടതി.
ഭീകര സംഘടനയുടെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ലക്ഷ്യത്തോടെയല്ലാത്ത അനുഭാവത്തിെൻറ പേരിൽ യു.എ.പി.എ നിയമത്തിലെ 38 (നിരോധിത സംഘടനാ അംഗത്വം), 39 (പിന്തുണ) വകുപ്പുകൾ ചുമത്താൻ പാടില്ലെന്ന് കോടതി പറഞ്ഞു. മതിയായ തെളിവില്ലെങ്കിൽ ജാമ്യം നിഷേധിക്കാനും പാടില്ല. നിരോധിത സംഘടനയിലെ അംഗത്വവുമായി ബന്ധപ്പെട്ട് യു.എ.പി.എ 20ാം വകുപ്പു പ്രകാരമുള്ള കുറ്റം എൻ.ഐ.എ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയതും കോടതി ചൂണ്ടിക്കാട്ടി.
ചുമത്തിയ കുറ്റങ്ങൾ വെച്ചു നോക്കിയാൽ 10 വർഷം വരെ തടവും പിഴയും കിട്ടാം. ഹാജരാക്കിയ തെളിവു വെച്ചു നോക്കിയാൽ പരമാവധി ശിക്ഷ അഞ്ചു വർഷം തടവാണ്. പിഴയടപ്പിച്ചു വെറുതെ വിടാനും മതി. ഒന്നാം പ്രതിക്ക് മനോരോഗത്തിന് ചികിത്സിക്കുന്നതടക്കമുള്ള കാരണങ്ങളാൽ നേരത്തെ ജാമ്യം നൽകി. കേസിൽ 92 സാക്ഷികളുണ്ട്. ചിലർ ഒഴിവായാലും ഉദ്ദേശിക്കുന്ന സമയത്ത് വിചാരണ നടപടി തീരില്ല. വിചാരണ കോടതി കുറ്റപത്രം തയാറാക്കിയിട്ടില്ല. ഇതിനെല്ലാമിടയിലാണ് രണ്ടാം പ്രതി 570ലേറെ ദിവസമായി തടവിൽ കഴിയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രഥമദൃഷ്ട്യാ തെളിവു പോരാ എന്നതോ വിചാരണ കോടതിയുടെ ജാമ്യം കർക്കശ വ്യവസ്ഥകൾ ചുമത്തിയാണ് എന്ന കാര്യമോ ഹൈകോടതി ഗൗരവത്തോടെ കണ്ടില്ല. ഒരു ലക്ഷം രൂപയുടെ ജാമ്യബോണ്ട്, തത്തുല്യ തുകയുടെ രണ്ടാൾ ജാമ്യം, മാസം തോറും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം തുടങ്ങിയവയായിരുന്നു വിചാരണ കോടതി ഉപാധികൾ. ജാമ്യക്കാരിൽ ഒരാൾ രക്ഷിതാവും രണ്ടാമൻ ബന്ധുവുമാകണം.
മാവോവാദി പ്രവർത്തനവുമായി ഒരു നിലക്കും പങ്കു ചേരരുത്. അനുമതിയില്ലാതെ കേരളം വിടരുത്. പ്രതികളുടെ മേൽ പൊലീസ് നിരീക്ഷണം വേണം. വ്യവസ്ഥകളൊന്നും ജാമ്യവേളയിൽ പ്രതികൾ ലംഘിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇപ്പോൾ ജാമ്യം അനുവദിക്കുന്നതും വിചാരണ കോടതി വ്യവസ്ഥകൾ പ്രകാരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭീകരപ്രവർത്തനത്തിൽ പങ്കുചേരുകയും അത് വിപുലപ്പെടുത്തുകയുമാണ് പ്രതികളുടെ ഉന്നമെന്ന് വ്യക്തമാക്കുന്നതൊന്നും എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിൽ ഇല്ല. ധനസമാഹരണം നടത്തിയെന്നതിനും തെളിവില്ല.
ബാനർ, പോസ്റ്റർ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനത്തിെൻറ ശക്തമായ തെളിവല്ല. രണ്ടാം പ്രതിയുടെ വീട് പരിശോധിച്ചപ്പോൾ ഇൻക്വിലാബ് സിന്ദാബാദ്, മാവോയിസം സിന്ദാബാദ്, രക്തസാക്ഷികൾ സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യം വിളിച്ചു, 2019 നവംബർ 30ന് പിടിച്ചപ്പോൾ മൊബൈൽ ഫോൺ കൈവശമുണ്ടായിരുന്നു, മൂന്നാം പ്രതിക്കൊപ്പം താമസിച്ചു തുടങ്ങിയവയാണ് കുറ്റപത്രത്തിലെ മറ്റ് ആരോപണങ്ങൾ. ഇ മെയിൽ, ഫേസ്ബുക്ക് തുടങ്ങിയവയിൽനിന്നും വ്യക്തമായ തെളിവുകൾ കെണ്ടത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.