യു.എ.പി.എ: പിണറായി സർക്കാറിനെതിരെ ദേശീയ ഒപ്പുശേഖരണം
text_fieldsതിരുവനന്തപുരം: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിൽ(യു.എ.പി.എ) വിചാരണ അനുമതി നൽകുന്നതിനുള്ള സമയക്രമം ഇല്ലാതാക്കാനുള്ള പിണറായി വിജയൻ സർക്കാറിന്‍റെ നീക്കത്തിനെതിരെ ദേശീയതലത്തിൽ പ്രചാരണം ശക്തമാക്കി യു.എ.പി.എ വിരുദ്ധ ജനകീയ കൂട്ടായ്മ. സി.പി.എമ്മിന്‍റെ അഖിലേന്ത്യ നയത്തിന് കടകവിരുദ്ധമായ നീക്കത്തിനെതിരെ ദേശീയതതലത്തിൽ ഒപ്പുശേഖരണവും പ്രതിഷേധ കൺവെൻഷനും അടക്കം സംഘടിപ്പിക്കും. ആഗസ്റ്റ് 25ന് എറണാകുളം വഞ്ചി സ്ക്വയറിൽ ചേരുന്ന പ്രതിഷേധ കൺവെൻഷൻ മനുഷ്യാവകാശ പ്രവർത്തകൻ ഹിമാൻശു കുമാർ ഉദ്ഘടാനം ചെയ്യും.
മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ടി.ആർ. രൂപേഷിന് മേൽ ചുമത്തിയ മൂന്ന് യു.എ.പി.എ കേസ് റദ്ദാക്കിയ ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ നീക്കമാണ് ഇടത് കേന്ദ്രങ്ങളെപോലും അമ്പരിപ്പിച്ചത്. വിചാരണതടവുകാർ അനന്തമായി വിചാരണയില്ലാതെ തടവറയിൽ ദുരിതം അനുഭവിക്കുന്നത് ഒഴിവാക്കാൻ യു.പി.എ സർക്കാർ 2008ൽ ആണ് ഭേദഗതി കൊണ്ടുവന്നത്.
ഇതുപ്രകാരം, അന്വേഷണം പൂർത്തിയായ ശേഷം ലഭിക്കുന്ന തെളിവുകൾ റെക്കമൻഡിങ് അതോറിറ്റി ഏഴു പ്രവൃത്തി ദിവസത്തിനകം സർക്കാറിന് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ചാൽ ഏഴ് പ്രവൃത്തി ദിവസത്തിനകം സർക്കാർ വിചാരണ അനുമതി വേണമോ വേണ്ടയോ എന്ന അതോറിറ്റി ശിപാർശയിൽ തീരുമാനം എടുക്കണം. രൂപേഷിന്‍റെ കേസിൽ ഈ സമയക്രമം പാലിക്കുന്നതിൽ ഉണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി സിംഗ്ൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും യു.എ.പി.എ ചുമത്തിയത് റദ്ദാക്കിയത്. സർക്കാറിന്‍റെ ഹരജി സെപ്റ്റംബർ 19ന് സുപ്രീംകോടതി പരിഗണിക്കും. വിചാരണ അനുമതി എന്നത് നിർദേശാത്മകം മാത്രമാണ്, സമയക്രമം കൃത്യമായി പാലിക്കേണ്ടതില്ലെന്നതാണ് സർക്കാർ വാദം. സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ ആവശ്യപ്രകാരമാണ് സർക്കാർ നടപടി. ഭീമ-കൊറേഗാവ് ഉൾപ്പെടെ വിവിധ യു.എ.പി.എ കേസുകളിൽ നിരവധിപേരാണ് വിവിധ ബി.ജെ.പി ഭരണ സംസ്ഥാനങ്ങളിൽ നീണ്ടകാലമായി തടവ് അനുഭവിക്കുന്നത്. രൂപേഷ് വിചാരണയില്ലാതെ ആറുവർഷമാണ് തടവിൽ കിടന്നത്. ദേശീയ തലത്തിൽ കേരള സർക്കാർ നിലപാട് ചർച്ചയാവുന്നതോടെ വെട്ടിലാവുക സി.പി.എം ദേശീയനേതൃത്വമാണ്. സി.പി.ഐയാവട്ടെ തികഞ്ഞ മൗനത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.