യു.എ.പി.എ നവലിബറൽ മുതലാളിത്വവും ഹിന്ദുത്വ ഫാഷിസവും രാകി മൂർച്ച വരുത്തിയ ജനവിരുദ്ധ നിയമങ്ങൾ -ഡോ. ജെ. ദേവിക
text_fieldsതിരുവനന്തപുരം: യു.എ.പി.എ നിയമം അധികാര രാഷ്ട്രീയം എതിൽ ശബ്ദങ്ങളെ അടിച്ചമർത്താൻ നവലിബറൽ സാമ്പത്തിക ശക്തികളുമായി ചേർന്ന് നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണെന്ന് പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ. ജെ. ദേവിക. ജസ്റ്റിസ് ഫോർ യു.എ.പി.എ പ്രിസണേഴ്സ് മനുഷ്യാവകാശ ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടം ചെയ്യുകയായിരുന്നു അവർ.
ഹിന്ദുത്വ ഫാഷിസം യു.എ.പി.എ എന്ന ആയുധം കൂടുതൽ ശക്തിയായി രാകി മൂർച്ചവരുത്തി. വ്യക്തികളെ ടെററിസ്റ്റ് എന്നു വിളിക്കാം എന്ന നിലയിലുള്ള ഭേദഗതി അതിന്‍റെ ഫലമായി ഉണ്ടായതാണ്. 2008ലെ ഭേദഗതിക്ക് ശേഷം വ്യാപകമായി യു.എ.പി.എ ചുമത്തൽ പൊലീസ് ആരംഭിച്ചു.
2016ലെ ഭേദഗതിക്ക് ശേഷം യാതൊരു തത്വദീക്ഷയുമില്ലാത്ത രീതിയിലാണ് ചുമത്തുന്നത്. ജനാധിപത്യത്തിന്‍റെ അടിത്തറ അട്ടിമറിക്കുന്ന ഈ നിയമത്തെ പൗരസമൂഹം ഒന്നിച്ച് ചെറുക്കണം.
താഹാ കേസിന്‍റെ വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ചുമത്തിയ യു.എ.പി.എ കേസുകൾ മുഴുവൻ പിൻവലിക്കണം, മകോക മോഡലിൽ കേരള സംസ്ഥാനത്ത് പുതിയ നിയമവും എൻ.ഐ.എ മോഡലിൽ സംസ്ഥാന അന്വേഷണ ഏജൻസിയും രൂപീകരിക്കാനുള്ള നീക്കം അവസാനിപ്പിക്കണം, യു.എ.പി.എ തടവുകാർക്ക് നീതി ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സെക്രട്ടറിയേറ്റ് നടയിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്.
വിയ്യൂർ അതിസുരക്ഷാ ജയിലിൽ നിരാഹാരം അനുഷ്ടിക്കുന്ന 10 യു.എ.പി.എ തടവുകാർ ഉന്നയിക്കുന്ന എട്ട് ആവശ്യങ്ങൾ കേരള സർക്കാർ അംഗീകരിക്കണമെന്നും ധർണയിൽ ആവശ്യമുയർന്നു. യു.എ.പി.എ ചുമത്തപ്പെട്ടവരും വിവിധ യു.എ.പി.എ തടവുകാരുടെ ബന്ധുക്കളും സംബന്ധിച്ചു.
സി.പി. ജോൺ, ഗ്രോ വാസു, അഡ്വ. പി.എ. പൗരൻ, സജീദ് ഖാലിദ്, ഉസ്മാൻ പെരുമ്പിലാവ്, തുഷാർ നിർമൽ സാരഥി, സി.പി. റഷീദ്, മുഹ്സിന അൻഷാദ്, സുജ ഭാരതി, അഡ്വ. ജലജ, ഡോ. പി.ജി. ഹരി, വി.ടി.എസ് സയ്യിദ് ഉമർ തങ്ങൾ, മാഗ്ലിൻ ഫിലോമിന, എ.എം. നദ്‌വി, ഷാേന്റാ ലാൽ, ലുഖ്മാൻ, ശ്രീകാന്ത്, സുശീലൻ, ഹരി, ഷബീർ ആസാദ്, കാർത്തികേയൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.