അതിജീവിച്ച നിമിഷങ്ങൾ പങ്കുവെച്ച് ഉബീഷ്
text_fieldsതിരൂരങ്ങാടി (മലപ്പുറം): നിപ വൈറസ് 2018ൽ ഭീതി പരത്തിയപ്പോൾ അന്ന് രോഗമുക്തി നേടിയ രണ്ട് പേരിലൊരാളായ ഉബീഷ് വീണ്ടുമൊരു നിപ കാലത്ത് ആ ഓർമകളിലാണ്. തെന്നല ആലുങ്ങൽ സ്വദേശി മണ്ണത്ത് നാത്ത് പടിക്കൽ ഉണ്ണികൃഷ്ണൻ- ബീന ദമ്പതികളുടെ മകനായ ഉബീഷിെൻറ ഭാര്യ അന്ന് നിപ ബാധിച്ച് മരിച്ചിരുന്നു. 2018 ഏപ്രിൽ 14ന് ഉബീഷ് പരപ്പനങ്ങാടിയിൽ ബൈക്ക് അപകടത്തിൽപെട്ടു. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ് 15 ദിവസങ്ങൾക്കുശേഷം വീട്ടിലേക്ക് മടങ്ങി. തുടർന്ന് ചെക്കപ്പിനായി ഭാര്യയുമൊത്ത് മെഡിക്കൽ കോളജിൽ പോയപ്പോഴാണ് നിപ ബാധിച്ചത്. വീട്ടിലെത്തിയ ശേഷം ആദ്യം പനി ബാധിച്ചത് ഭാര്യക്കായിരുന്നു. നിപയാണെന്ന് തിരിച്ചറിയാൻ സാധിക്കാതെ രോഗം മൂർച്ഛിച്ച് അവർ മരിച്ചു.
നിപ സ്ഥിരീകരിക്കാത്തതിനാൽ മരണാനന്തര ചടങ്ങുകൾ സാധാരണ നിലയിലാണ് നടന്നത്. തുടർന്ന് ഉബീഷിനും പനിയും ജലദോഷവുമുണ്ടായി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പരിശോധിച്ചപ്പോൾ നിപ പരിശോധന നടത്താൻ താൻ പറഞ്ഞെങ്കിലും അധികൃതർ തയാറായില്ലെന്ന് ഉബീഷ് പറഞ്ഞു. തുടർന്ന് രോഗം മൂർച്ഛിക്കുന്നതിന് മുമ്പ് തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി നിപ പരിശോധന നടത്തി. ഭാര്യയുടെയും ഉബീഷിെൻറയും റിസൽട്ട് ഒരുമിച്ചെത്തിയപ്പോൾ രണ്ടുപേർക്കും പോസിറ്റിവ്. തുടർന്ന് കുടുംബാംഗങ്ങളെല്ലാം പരിശോധിച്ചു. എല്ലാവരും നെഗറ്റിവായിരുന്നു.
ഉബീഷിനെ മെഡിക്കൽ കോളജിൽ ക്വാറൻറീനിലാക്കി. രണ്ടാംനാൾ നടത്തിയ പരിശോധനയിൽ തന്നെ നെഗറ്റിവാെയങ്കിലും 21 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കിയായിരുന്നു മടക്കം. സാധാരണ പനിയും ജലദോഷവും എന്ന രീതിയിൽ ആത്മവിശ്വാസത്തോടെയാണ് താൻ നിപയെ നേരിട്ടതെന്ന് ഉബീഷ് പറഞ്ഞു. ചികിത്സിച്ച ഡോ. ചാന്ദ്നി വലിയ പിൻബലം നൽകി. നിപ വേഗത്തിൽ പടരുന്ന രോഗമല്ല. ബാധിച്ചാൽ വേഗത്തിൽ ചികിത്സ തേടിയാൽ രക്ഷപ്പെടാം. ഉബീഷ് ഇപ്പോൾ എറണാകുളത്ത് സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുകയാണ്. പുനർവിവാഹിതനായി. ഒരുമകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.