ഉച്ചക്കഞ്ഞിയിലെ അരി മോഷണം: മൊറയൂർ സ്കൂളിലെ 2.88 ലക്ഷം തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: ഉച്ചക്കഞ്ഞിക്ക് അനുവദിച്ച അരി മോഷണത്തിൽ കൊണ്ടോട്ടി മൊറയൂർ വി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂളിലെ(എച്ച്.എസ്.എസ്) ഹെഡ്മാസ്റ്റർ അടക്കമുള്ളവരിൽ നിന്ന് 2.88 ലക്ഷം തിരിച്ചു പിടിക്കണമെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. 7737 കിലോ അരി മോഷണം നടത്തിയതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. 2022 മെയ് 31ലെ സർക്കുലർ പ്രകാരം ഒരു കിലോഗ്രാമിന് 37.26 രൂപ നിരക്കിൽ ആകെ 2,88,280 രൂപ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന ഡി. ശ്രീകാന്ത്, ഉച്ച ഭക്ഷണ ചുമതലയുള്ള കെ.സി. ഇർഷാദലി എന്നിവരിൽ നിന്നും തുല്യമായി ഈടാക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
ധനകാര്യ പരിശോധന വിഭാഗത്തോട് നാട്ടുകാരായ ചിലർ നൽകിയ വിവരപ്രകാരം സ്കൂളിലെ കായിക അധ്യാപകനായ ടി.പി. രവീന്ദ്രൻ, സ്റ്റോർ റൂം താക്കോൽ തന്റെ കസ്റ്റഡിയിൽ സൂക്ഷിക്കുകയായിരുന്നു. സ്കൂളിലെ കെ 2 രജിസ്റ്ററിൽ രേഖപ്പെടുത്തിയതും എന്നാൽ ഉപയോഗിക്കാതിരുന്നതുമായ അരിയുടെ അളവ് പ്രതിദിനം ഏകദേശം 50 കിലോയാണ്. ഏതാണ്ട് 20 ദിവസം കൂടുമ്പോൾ രാത്രിയിൽ ഒരു ലോറി കൊണ്ടുവന്ന് സ്റ്റോർറൂമിലെ അരി പുറത്തുനിന്നും കൊണ്ടുവരുന്ന ചാക്കുകളിൽ നിറച്ച് കൊണ്ടോട്ടിയിൽ തന്നെയുള്ള ഒരു കടയിൽ വിൽക്കാറുണ്ടെന്ന് പറഞ്ഞു. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വാർഡ് അംഗം ഇക്കാര്യം ധനകാര്യ പരിശോധനാ വിഭാഗത്തെ രേഖാമൂലം അറിയിച്ചു. രാത്രിയുടെ മറവിൽ ടി.പി രവീന്ദ്രൻ എന്ന അധ്യാപകന്റെ നേതൃത്വത്തിൽ അരി കടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ആദ്യം പരിശോധന നടത്തിയിരുന്നു.
സ്കൂളിലെ ഹെഡ്മാസ്റ്റർ ഡി. ശ്രീകാന്ത് 2021 ജനുവരി 12ന് 4050 കിഗ്രാം അരി സ്റ്റോക്കുള്ളതായും സ്കൂളിലെ പ്രതിദിനം ഉച്ചക്ഷേണത്തിനായി 120 കിലോ ഉപയോഗിക്കുവെന്നും സത്യവാങ്മൂലം നൽകിയിരുന്നു. സ്കൂളിലെ അരിയുടെ പ്രതിദിന ഉപയോഗം ശരാശരി 170 കിലോ എന്നാണ് കെ.2 രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. അതിനാൽ കെ.2 രജിസ്റ്റർ പ്രകാരമുള്ള ഉപഭോഗം അനുസരിച്ചുള്ള അരി കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് വഴി അനുവദിച്ചുവെന്നും പരിശോധനയിൽ കണ്ടെത്തി. ചില ദിവസങ്ങളിൽ വളരെ കുറച്ച് കുട്ടികൾ മാത്രം സ്കൂളിൽ വന്നിട്ടുള്ളു. ഈ ദിവസങ്ങളിലെയും ഉപയോഗ ശരാശരി 120 കിലോ ആയി കണക്കാക്കിയാലും ക്രമക്കേട് നടന്നുവെന്ന് വ്യക്തമാണ്.
2023-24 അധ്യന വർഷം ജനുവരി 22 വരെ 152 ദിവസങ്ങളിലാണ് പഠനം നടന്നത്. കെ.2 രജിസ്റ്റർ പ്രകാരം ഉപയോഗിച്ചതായും അനുവദിച്ചതായും കണ്ടെത്തിയ അരിയുടെ അളവ് 25077.8 കിലോയാണ്. സ്കൂളിലെ ഹെഡ്മാസ്റ്റർ നൽകിയിരിക്കുന്ന പ്രതിദിന ശരാശരി 120 കിലോ ആയതിനാൽ 2023-24 ജനുവരി 24 വരെയുള്ള അരിയുടെ ഉപഭോഗം 120 കിലോയാണ്. 150 ദിവസം പ്രതിദിനം 120 കിലോഗ്രാം ഉപയോഗിച്ചാൽ 18,240 കിലോയാണ് ഉപയോഗം. എന്നാൽ കെ 2 രജിസറ്റർ പ്രകാരം അനുവദിച്ചത് 25977.0 കിലോയാണ്. അതിൽനിന്നും ഉപയോഗിച്ച 18240 കിലോ കുറച്ചാൽ ബാക്കി 7737 കിലോ അരിയുടെ ക്രമക്കേട് നടത്തിയതായി പരിശോധനയിൽ കണ്ടെത്തി.
ഹെഡ്മാസ്റ്റർ ഡി. ശ്രീകാന്ത്, ഉച്ച ഭക്ഷണ ചുമതലയുള്ള അധ്യാപകൻ കെ.സി ഇർഷാദലി, സംഗീത അധ്യാപകൻ പി. ഭവനിഷ്, കായിക അധ്യാപകൻ ടി.പി. രവീന്ദ്രൻ എന്നിവരെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രഥദൃഷ്ട്യാ കുറ്റക്കാർ എന്ന് കണ്ടെത്തി സസ്പെൻറ് ചെയ്തിരുന്നു. ഇവർ നടത്തിയത് ക്രിമിനൽ കുറ്റവും സ്കൂളിൽ നിന്നും അരി കടത്തിക്കൊണ്ട് പോയത് മോഷണവുമാണ്. അതിനാൽ ഇവർക്കെതിരെ ക്രിമിനൽ നടപടിച്ചട്ടം പ്രകാരം ആവശ്യമായ നിയമ നടപടികൾ ഭരണ വകുപ്പ് സ്വീകരിക്കണെന്നാണ് ശിപാർശ.
ഇവർക്കെതിരെ കർശനമായ വകുപ്പു തല അച്ചടക്ക നടപടി സ്വീകരിണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു. സ്കൂളികളിൽ അനുവദിച്ച അരിയുടേയും വിനിയോഗിച്ച അരിയുടേയും വിശദ വിവരങ്ങൾ എല്ലാ മാസവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പരിശോധനക്ക് വിധേയമാക്കി അധികസ്റ്റോക്ക് അടുത്ത മാസത്തെ ഓപ്പണിങ് സ്റ്റോക്കിൽ ഉൾപ്പെടുത്തണം. അരിയുടെ വിഷയത്തിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ സ്കൂളിലെ വിദ്യാർഥികളുടെ എണ്ണം പരിശോധിക്കേണ്ടതും അധ്യാപക നിയമനങ്ങൾ ക്രമപ്രകാമാണോ എന്ന് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പരിശോധിക്കണം. ഇക്കാര്യത്തിൽ ആവശ്യമായ തുടർനടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.