യു.ഡി.എഫിനുവേണ്ടത് അമിതാഹ്ലാദമല്ല തിരിച്ചറിവാണ്
text_fieldsവയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട് നിയമസഭാ മണ്ഡലത്തിലും മിന്നും വിജയം സ്വന്തമാക്കാനും ചേലക്കരയിൽ ഇടതുമുന്നണിയുടെ ഭൂരിപക്ഷം ഗണ്യമായി കുറക്കാനും സാധിച്ചെങ്കിലും യു.ഡി.എഫിന് വലുതായി ആഹ്ലാദിക്കാനോ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രതീക്ഷപുലർത്താനോ ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വകനൽകുന്നില്ല. എൽ.ഡി.എഫ് ഭരണം കടുത്ത ആരോപണങ്ങളെ നേരിടുന്ന, സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന കാലമായിട്ടുപോലും അതൊന്നും വേണ്ടവിധം മുതലെടുക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ലെന്ന് നിസ്സംശയം പറയാനാകും. വയനാട്ടിലെ പ്രിയങ്കാഗാന്ധിയുടെ വിജയത്തെ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയുമായി ചേർത്ത് വിലയിരുത്തേണ്ടതില്ല. അവിടെ മത്സരം ഏകപക്ഷീയമായിരുന്നു.
അതേസമയം, ചേലക്കരയിലെ വിജയവും പാലക്കാട് വോട്ട് വർധിച്ചതും ഇടതുപക്ഷത്തിന്റെ ഭരണനേട്ടമാണെന്ന അവകാശവാദത്തിലും കഴമ്പില്ല. 2021ൽ കെ.രാധാകൃഷ്ണൻ മത്സരിച്ചപ്പോൾ ലഭിച്ച വോട്ടിൽ നിന്ന് കാര്യമായ വോട്ടുചോർച്ച ചേലക്കരയിൽ ഇടതുമുന്നണിക്ക് സംഭവിച്ചു. ഭൂരിപക്ഷം മൂന്നിൽ ഒന്നായി കുറഞ്ഞു.
പാർട്ടിയുടെ കേരളത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ് പാലക്കാട് എന്ന ബി.ജെ.പിയുടെ മനക്കോട്ടയാണ് വോട്ടർമാർ പൊളിച്ചുകൊടുത്തത്. 2021ൽ ഷാഫി പറമ്പിലിനെ കുറഞ്ഞ ഭൂരിപക്ഷത്തിൽ ഒതുക്കിയ സ്ഥിതിക്ക് ഇക്കുറി പുതുമുഖ സ്ഥാനാർഥിയെ തോൽപിച്ച് വിജയം നേടുമെന്നു തന്നെയാണ് സംഘബന്ധുക്കൾ കാര്യമായി വിശ്വസിച്ചിരുന്നത്. ഇ.ശ്രീധരൻ കാര്യമായി വോട്ടുപിടിച്ച അന്ന് യു.ഡി.എഫ് സ്ഥാനാർഥിക്ക് ലീഡ് കണ്ടെത്താൻ എട്ടാം റൗണ്ട് കഴിയുംവരെ കാത്തിരിക്കേണ്ടി വെന്നങ്കിൽ ഇക്കുറി രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം റൗണ്ടിൽ തന്നെ ലീഡിൽ എത്തി.
ഇലക്ഷൻ പ്രഖ്യാപിച്ചേശഷം നിരവധി നാടകീയ സംഭവങ്ങൾക്കാണ് പാലക്കാട് സാക്ഷ്യം വഹിച്ചത്. പി.സരിൻ കാലമാറുകയും ഇടതുമുന്നണി സ്ഥാനാർഥിയായി എത്തുകയും ചെയ്തത് യു.ഡി.എഫിൽ വലിയ ആശങ്കകൾ ഉണ്ടാക്കിയില്ലെങ്കിലും അവർ കൂടുതൽ ജാഗ്രത പുലർത്താൻ അത് കാരണമായി. പല പ്രാദേശിക ഭാരവാഹികളും കോൺഗ്രസ് വിടുകയും ചെയ്തിരുന്നു.
ഇടതുപക്ഷത്താകട്ടെ, പി.വി. അൻവർ ഇടയുകയും മുന്നണിയിൽ നിന്ന് തെറ്റിപ്പിരിയുകയും ചെയ്തത് ആഘാതമായി. എന്നാൽ, അൻവർ ചേലക്കരയിൽ നിർത്തിയ സ്ഥാനാർഥി കോൺഗ്രസ് വിമതനായിരുന്നു എന്നത് ഇടതുമുന്നണിയേക്കാൾ ബാധിച്ചത് കോൺഗ്രസിനു തന്നെയായിരിക്കണം. ഏതാണ്ട് നാലായിരത്തോളം വോട്ട് ആ സ്ഥാനാർഥി കൊണ്ടുപോയി. പി.സരിൻ പാലക്കാട് ഇടതുമുന്നണി സ്ഥാനാർഥിയായതിനാൽ രണ്ടു മണ്ഡലത്തിലും ഫലത്തിൽ കോൺഗ്രസ് വിമതന്മാർ ഉണ്ടായി. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡൻറും പാർട്ടിയുടെ കെട്ടുറപ്പിനെപ്പറ്റി എത്രതന്നെ പറഞ്ഞാലും ഉപതെരഞ്ഞെടുപ്പുകളിൽ പോലും വിമതശല്യം ഇല്ലാതാക്കാൻ കഴിയുന്നില്ലെന്നത് ശാപമായി കൂടെ നിൽക്കുന്നു എന്നതാണ് സത്യം. കോൺഗ്രസ് നേതൃത്വം മെച്ചപ്പെടാതെ യു.ഡി.എഫ് നന്നാകില്ലെന്ന് ഇതിനാൽ വീണ്ടും തെളിയുകയാണ്. 2021ലെ തെരഞ്ഞെടുപ്പിൽ മണലൂർ, തൃശൂർ, ഒറ്റപ്പാലം, നെടുമങ്ങാട്, ധർമടം എന്നീ മണ്ഡലങ്ങളിൽ കോൺഗ്രസ് നിർത്തിയ സ്ഥാനാർഥികൾ ഇപ്പോൾ ആ പാർട്ടിയിൽ ഇല്ല. അതിനാൽ പാലക്കാട്ടെയും വയനാട്ടിലെയും വിജയത്തിൽ മതിമറന്നിരിക്കാതെ കോൺഗ്രസിലെ പടലപ്പിണക്കം തീർത്ത് കെട്ടുറപ്പുണ്ടാക്കുകയും മുന്നണിയുടെ അടിത്തറ വികസിപ്പിക്കുകയും ചെയ്യാൻ ശ്രമിക്കാത്തപക്ഷം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ പ്രതീക്ഷ പുലർത്തേണ്ടതില്ലെന്ന തിരിച്ചറിവാണ് ഇൗ തെരഞ്ഞെടുപ്പു ഫലത്തിൽ നിന്ന് യു.ഡി.എഫിനുണ്ടാകേണ്ടത്.
പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പിയെ എതിർമുന്നണി സഹായിക്കുമെന്ന ആരോപണം എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉന്നയിച്ചിരുന്നു. അതുണ്ടായിെല്ലന്ന് ഫലം വ്യക്തമാക്കുന്നു. ഇടതുമുന്നണിക്ക് 2021ൽ നിന്നും ആയിരത്തോളം വോട്ടുകൾ കൂടുകയേ ചെയ്തിട്ടുള്ളു. വൻതോതിൽ വോട്ട് നഷ്ടമായത് ബി.ജെ.പിക്കാണ്.
രാഹുൽ മാങ്കൂട്ടത്തിലിന് റെക്കോഡ് ഭൂരിപക്ഷം ലഭിച്ചത് കഴിഞ്ഞ തവണ ഇ.ശ്രീധരൻ പിടിച്ച വോട്ടുകൾ തിരിച്ചുവന്നതിനാലാണ്. അതിൽ സന്ദീപ് വാര്യരുടെ വരവ് വലിയ സ്വാധീനം ചെലുത്തി എന്ന് പറയാനാവില്ല. സന്ദീപിെൻറ വരവ്, കുറഞ്ഞതോതിലെങ്കിലും യു.ഡി.എഫിന് കോട്ടമേ വരുത്തിയുള്ളു എന്നാണ് കണക്കാക്കേണ്ടത്. പരമ്പരാഗത വോട്ടർമാരിൽ ചെറിയ ആശയക്കുഴപ്പം അത് സൃഷ്ടിച്ചിരുന്നു. എന്നാൽ, സി.പി.എമ്മിെൻറ പരസ്യം രണ്ടുപത്രങ്ങളിൽ വന്നതോെട ആ ആശയക്കുഴപ്പം ഏറക്കുറെ മാറുകയും വോട്ടുകൾ ഏകീകരിക്കപ്പെടുകയും ചെയ്തു എന്നാണ് മനസ്സിലാകുന്നത്. സി.പി.എം ഉണ്ടാക്കിയ നീലപ്പെട്ടി വിവാദം എന്ന ആനമണ്ടത്തവും അവരുടെ സ്ഥാനാർഥിക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.