സിൽവർ ലൈൻ അശാസ്ത്രീയം, അപ്രായോഗികം; ബദൽ പദ്ധതി വേണമെന്ന് യു.ഡി.എഫ്
text_fieldsസിൽവർ ലൈൻ അതിവേഗ റെയിൽ പ്രോജക്റ്റ് അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യു.ഡി.എഫ് യോഗത്തിന് ശേഷം കൺവീനർ എം.എം ഹസനോടൊപ്പം വാർത്താസമ്മേളനത്തിൽ യോഗതീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ട പരിഹാരം വളരെ കുറവാണെന്നും അവർ പറഞ്ഞു.
പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനങ്ങൾ നടത്താതെയാണ് അതിവേഗ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. അലൈൻമെന്‍റ് പോലും തീരുമാനമാകാതെ സ്ഥലമെടുപ്പ് നടപടികൾ എന്തിനുവേണ്ടിയാണെന്നും സതീശൻ ചോദിച്ചു. പദ്ധതി സംബന്ധിച്ച് എം.കെ മുനീർ എം.എൽ.എയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഉപസമിതി പഠനം നടത്തിയിരുന്നു. തീർത്തും അപ്രായോഗികവും അശാസ്ത്രീയവുമാണ് പദ്ധതിയെന്നാണ് ഉപസമിതിയുടെ കണ്ടെത്തൽ.
2019 ലെ എസ്റ്റിമേറ്റ് അനുസരിച്ച് ഒന്നേകാൽ ലക്ഷം കോടി രൂപയാണ് പദ്ധതി ചെലവ്. വലിയ തോതിൽ സ്ലമേറ്റെടുക്കുകയും വേണം. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതങ്ങളോ സാമൂഹിക ആഘാതങ്ങളോ വിലയിരുത്തിയിട്ടില്ല. കേരളത്തെ രണ്ടായി മുറിക്കുന്ന തരത്തിൽ ഇരുവശത്തും നാലു മീറ്ററോളം ഉയരത്തിൽ മതിൽ കെട്ടി തിരിച്ചാണ് റെയിൽ പാതയുണ്ടാക്കുന്നതെന്നും സതീശൻ പറഞ്ഞു. ഒരു മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാകുന്ന കേരളത്തിൽ ഈ റെയിൽ പാത ഒരു ഡാമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ചെലവും ആഘാതങ്ങളും കുറഞ്ഞതും പ്രായോഗികവുമായ ബദൽ പദ്ധതിയാണ് കേരളത്തിന് വേണ്ടതെന്നും സതീശൻ പറഞ്ഞു. അപ്രായോഗികമായ സിൽവർ ലൈൻ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണെങ്കിൽ പ്രക്ഷോഭരംഗത്ത് യു.ഡി.എഫ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് നഷ്ടപരിഹാരം വളരെ കുറവ്
കോവിഡ് ബാധിച്ച് മരിച്ചവർക്ക് 50000 രൂപ നഷ്ടപരിഹാരം നൽകാനാണ് കേന്ദ്രസർക്കാറിന്‍റെ നിർദേശം. ഇത് വളരെ കുറവാണ്. മരിച്ചവരുടെ പ്രയവും മറ്റു ഘടകങ്ങളും പരിഗണിച്ച് 5 ലക്ഷം മുതൽ 10 ലക്ഷം വരെ കൊടുക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നത്. ഇതിനുള്ള തുക കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും സംയുക്തമായാണ് കണ്ടെത്തേണ്ടത്. വലിയ വിഹിതം കേന്ദ്രത്തിേന്റതാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ സർക്കാർ വലിയ കൃത്രിമത്വമാണ് കാണിക്കുന്നത്. എണ്ണം മറച്ചുവെക്കുകയാണ് സർക്കാർ. ഐ.സി.എം.ആർ മാനദണ്ഡമനുസരിച്ച് കണക്കെടുക്കുകയും അടിയന്തിരമായി പ്രസിദ്ധീകരിക്കുകയും വേണം. സർക്കാർ കണക്കിലുൾപ്പെടുത്താതുകൊണ്ട് നിരവധി പേർക്ക് നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.