യു.ഡി.എഫും എസ്.ഡി.പി.ഐയും ഒരുമിച്ച് പ്രകടനം നടത്തിയിട്ടില്ല -രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsപാലക്കാട്: എസ്.ഡി.പി.ഐക്ക് നാട്ടിൽ പ്രകടനം നടത്താൻ അനുവാദമില്ലെങ്കിൽ അത് ജില്ല പൊലീസ് മേധാവിയാണ് പരിശോധിക്കേണ്ടതെന്ന് നിയുക്ത എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. എസ്.ഡി.പി.ഐ നിരോധിക്കപ്പെട്ട പ്രസ്ഥാനമല്ലെന്നും പാലക്കാട് പ്രസ് ക്ലബ്ബിന്‍റെ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു. യു.ഡി.എഫും എസ്.ഡി.പി.ഐയും ഒരുമിച്ച് പ്രകടനം നടത്തിയിട്ടില്ല. യു.ഡി.എഫ് പിന്തുണ തേടിയെന്ന് എസ്.ഡി.പി.ഐ പറഞ്ഞിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
സി. കൃഷ്ണകുമാറും താനും എൽ.ഡി.എഫ് സ്ഥാനാർഥിയും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ വന്നിട്ടുണ്ട്. അതിന്‍റെ അർഥം തങ്ങൾക്കിടയിൽ രാഷ്ട്രീയധാരണയുണ്ടെന്നല്ലെന്നും വെൽഫെയർ പാർട്ടി ഓഫിസിൽ പ്രവർത്തകരോടൊപ്പമുള്ള തന്‍റെ ചിത്രങ്ങൾ പ്രചരിച്ചതിനെക്കുറിച്ച് രാഹുൽ പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമിയുടെ രാഷ്ട്രീയ രൂപമാണ് വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടി നിരോധിത സംഘടനയാണോ? അങ്ങനെയാണെങ്കിൽ ജമാഅത്തെ ഇസ്‍ലാമിയുടെ മാധ്യമസ്ഥാപനങ്ങളിൽ ബി.ജെ.പിക്കാരും പോകരുത്.
പൊതുപ്രവർത്തകരുടെ ചിത്രങ്ങളിൽ ഒപ്പം നിൽക്കുന്നവരെ ഓഡിറ്റ് ചെയ്താൽ എല്ലാവരെയും ബാധിക്കും. കൂടെ നിൽക്കുന്നവരുടെ മേൽവിലാസം തിരക്കിയിട്ടാണോ ചിത്രമെടുക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചോദിച്ചിട്ടുണ്ട്. ഇത്തരത്തിൽ സി.പി.എമ്മും പ്രതിരോധിച്ചിട്ടുണ്ട്. പാലക്കാട്ടെ എല്ലാ വോട്ടർമാരെയും അത് രാഷ്ട്രീയം നോക്കിയിട്ടല്ല. സ്ഥാനാർഥിയായി വന്നപ്പോൾ ആദ്യം പറഞ്ഞത് വർഗീയമായി ചിന്തിക്കുന്ന ആരുടെയും വോട്ട് വേണ്ട എന്നാണ്. ഇതരമത വിദ്വേഷം പടർത്തുന്നതാണ് വർഗീയതയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.