കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമം; യു.ഡി.എഫിന്‍റെ ശബരിമല തന്ത്രം ജനങ്ങൾ തള്ളും -എ. വിജയരാഘവൻ
text_fieldsതിരുവനന്തപുരം: കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ യു.ഡി.എഫ് ശ്രമമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. യു.ഡി.എഫ് ജാഥയിൽ സർക്കാറിനെതിരെ അസത്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍റെ പ്രസംഗരീതിയും വർഗീയ പ്രചരണമാണ്. ഇരുകൂട്ടരും വർഗീയതയെ ഉപയോഗിക്കുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു.
യു.ഡി.എഫ് ഉയർത്തിയ ശബരിമല വിഷയത്തിലും വിജയരാഘവൻ പ്രതികരിച്ചു. നിയമം നിർമിക്കുമെന്ന യു.ഡി.എഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കാനാണ്. ശബരിമല സംവാദ വിഷയമാക്കി ജനങ്ങളെ വഴിതെറ്റിക്കാൻ യു.ഡി.എഫ് തന്ത്രം പ്രയോഗിക്കുന്നു.
ഉമ്മൻചാണ്ടി ചുമതല ഏറ്റെടുത്ത ശേഷം വിജയത്തിനുള്ള എളുപ്പവഴിയായി ശബരിമലയെ കാണുന്നു. യു.ഡി.എഫിന്‍റെ ശബരിമല തന്ത്രം ജനങ്ങൾ തള്ളും. ശബരിമലയെ സംവാദ വിഷയമാക്കി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു. ശബരിമല കോടതിവിധി വന്ന ശേഷം എല്ലാവരുമായി ചർച്ച നടത്തുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നു. കെ. സുധാകരന്‍റേത് ഹീനമായ ഭാഷയാണ്. ആധുനിക സമൂഹത്തിൽ ഉപയോഗിക്കാത്ത വാക്കുകളാണ് സുധാകരൻ ഉപയോഗിക്കുന്നത്. ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.
മുൻ എം.പി എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനത്തെ വിജയരാഘവൻ ന്യായീകരിച്ചു. നിയമനങ്ങളൊക്കെ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നടത്തുന്നതെന്നും എൽ.ഡി.എഫ് കൺവീനർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.