സ്വാശ്രയ പ്രശ്നം പരിഹരിക്കേണ്ടതിന്‍റെ ഉത്തരവാദിത്തം സർക്കാറിന് -പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ ഏഴാം ദിവസവും പ്രതിപക്ഷം നിയമസഭാ നടപടികൾ ബഹിഷ്കരിച്ചു. പ്രതിപക്ഷ എം.എൽ.എമാരുടെ നിരാഹാര സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് ചോദ്യോത്തവേള തുടങ്ങും മുമ്പേ സഭ ബഹിഷ്കരിച്ചത്. എം.എൽ.എമാർ നിരാഹാര സമരം തുടരുമ്പോൾ സഭയിൽ തുടരാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞു.
സ്വാശ്രയ പ്രശ്നം പരിഹരിക്കാനുള്ള ഉചിതമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പാവപ്പെട്ട കുട്ടികൾക്ക് ഫീസ് കുറച്ച് പഠന സൗകര്യം ഉറപ്പാക്കാമെന്ന് സ്വാശ്രയ മെഡിക്കൽ കോളജ് മാനേജുമെന്‍റുകൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമില്ല. പ്രതിപക്ഷം ഉയർത്തുന്ന കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾ അംഗീകരിച്ച വിഷയങ്ങളാണ്. സമൂഹത്തിന്‍റെ വികാരമാണ് തങ്ങൾ മുന്നോട്ടുവെച്ചത്. അനാവശ്യമായി സഭ സ്തംഭിപ്പിക്കാനോ ജനാധിപത്യ പ്രക്രിയക്ക് കോട്ടം വരുത്താനോ പ്രതിപക്ഷം ശ്രമിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
സ്വാശ്രയ പ്രശ്നം പരിഹരിക്കാനുള്ള സന്ദർഭം പാഴാക്കിയാൽ അതിന്‍റെ ഉത്തരവാദിത്തം സർക്കാറിനാണെന്ന് മുസ് ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മെഡിക്കൽ മാനേജുമെന്‍റുകൾ വരെ അനുകൂല സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. പാവപ്പെട്ട വിദ്യാർഥികളുടെ പഠനം ഉറപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. വിദ്യാർഥി, യുവജന സംഘടനകളും സമാന നിലപാട് സ്വീകരിച്ചു. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പ്രതിപക്ഷം സമരം ചെയ്യുന്നതെന്ന് കേരളത്തിലെ ജനങ്ങൾ വിധിയെഴുതി കഴിഞ്ഞു. എം.എൽ.എമാരുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ആരോഗ്യനില മോശമാണെങ്കിലും ഏഴാം ദിവസവും നിരാഹാര സമരം തുടരാനാണ് എം.എൽ.എമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും തീരുമാനിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.