തൃശ്ശൂർ ജയിച്ചാൽ മാത്രമേ കേരളത്തിൽ യു.ഡി.എഫിന് ഭരിക്കാൻ സാധിക്കൂ -കെ. മുരളീധരൻ
text_fieldsകോഴിക്കോട്: തൃശ്ശൂരിലെ തോൽവി ഇനിയും ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്ന് കെ.പി.സി.സിയോട് ആവശ്യപ്പെട്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആരുടെയും പേരെടുത്ത് വിമർശനം ഉന്നയിച്ചിട്ടില്ല. എന്നാൽ, സംഘടനാ തലത്തിലെ വീഴ്ചകൾ അന്വേഷണ സമിതിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
തൃശൂരിലെ തോൽവി അന്വേഷിക്കാൻ നിയോഗിച്ച കെ.പി.സി.സി. അന്വേഷണ സമിതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂരിലെ തോൽവി പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളെ ബാധിക്കാൻ പാടില്ലെന്നും മുരളീധരൻ പറഞ്ഞു.
തൃശ്ശൂർ ജയിച്ചാൽ മാത്രമേ കേരളത്തിൽ യു.ഡി.എഫിന് ഭരിക്കാൻ സാധിക്കൂ. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നോക്കുകയും പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ യു.ഡി.എഫ് തിരിച്ചുവരാനും സ്വീകരിക്കുന്ന ഏത് നിലപാടിനെയും പിന്തുണക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
തൃശ്ശൂരിൽ കോൺഗ്രസിന് ഉണ്ടായത് ഏറ്റവും വലിയ ആഘാതമെന്ന് കെ.പി.സി.സി അന്വേഷണ സമിതിയംഗം കെ.സി. ജോസഫ് വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് അറിയാനാണ് കെ. മുരളീധരന്‍റെ അടുത്തെത്തിയത്. ഭരണത്തിലേക്ക് യു.ഡി.എഫ് മടങ്ങിവരണമെങ്കിൽ തൃശ്ശൂരിലെ വിജയം അനിവാര്യമാണെന്നും കെ.സി. ജോസഫ് പറഞ്ഞു.
സംഭവിക്കാൻ പാടില്ലാത്തതാണ് തൃശ്ശൂർ ജില്ലയിലുണ്ടാത്. തോൽവിയുടെ കാരണം കണ്ടെത്തി പരിഹാരമുണ്ടാക്കാൻ കെ.പി.സി.സി ശ്രമിക്കുമെന്നാണ് പ്രതീക്ഷിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.