സ്ഥാനാർഥി നിർണയം: മണ്ണാർക്കാട്ട് ഇരുട്ടിൽ തപ്പി യു.ഡി.എഫ്
text_fieldsമണ്ണാർക്കാട്: ഊഹാപോഹങ്ങളും സാധ്യതകളുമെല്ലാം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും മണ്ണാർക്കാട് ആര് സ്ഥാനാർഥിയാകുമെന്നത് ഊഹിക്കാൻ പോലും കഴിയാതെ മണ്ണാർക്കാട് യു.ഡി.എഫ് നേതൃത്വവും പ്രവർത്തകരും. തെരഞ്ഞെടുപ്പ് തീരുമാനമായത് മുതൽ നിലവിലെ എം.എൽ.എ ഷംസുദ്ദീൻ തന്നെ മണ്ഡലത്തിൽ മത്സരിക്കുമെന്നായിരുന്നുപ്രതീക്ഷ.
എന്നാൽ, കഴിഞ്ഞ ഞായറാഴ്ച മുതൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തു. ഷംസുദ്ദീൻ തിരൂരിലേക്ക് മാറുന്നത് ഏകദേശം ധാരണയായതോടെ മണ്ണാർക്കാട്ടുനിന്നുള്ള നേതാക്കളിലൊരാൾ സ്ഥാനാർഥിയാകാനുള്ള സാധ്യതയായിരുന്നു തെളിഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ പരസ്പര ധാരണ ഇല്ലാതാവുകയും സംസ്ഥാന കമ്മിറ്റിയുടെ മുന്നിലേക്ക് ആറ് പേരുകൾ പരിഗണനക്ക് എത്തുകയും ചെയ്തതോടെ ആശയക്കുഴപ്പം ഉടലെടുത്തു.
മണ്ണാർക്കാട് മണ്ഡലത്തിലേക്ക് സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി എം.എ. സമദിനെ സംസ്ഥാന നേതൃത്വം നേരത്തേ പരിഗണിച്ചെങ്കിലും പ്രാദേശികമായി എതിർപ്പുയരുകയും മണ്ഡലത്തിൽ നിന്നുതന്നെയുള്ള സ്ഥാനാർഥി വേണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തു.
ഇതിന് ജില്ല കമ്മിറ്റിയും അനുമതി നൽകി. എന്നാൽ, മണ്ഡലത്തിൽ നിന്ന് ആരാകണമെന്നുള്ള കാര്യത്തിൽ ഏകോപനമില്ലാതിരുന്നതോടെ ഇത്തവണയും മണ്ഡലത്തിൽനിന്ന് പുറത്തുനിന്നുള്ള ആരെങ്കിലും സ്ഥാനാർഥിയാകാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.
ഷംസുദ്ദീൻ ഒഴിച്ച് മറ്റാര് മണ്ഡലത്തിന് പുറത്തുനിന്ന് വന്നാലും അത് തെരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിക്കുമെന്നതാണ് അവസ്ഥ. ഷംസുദ്ദീൻ അല്ലെങ്കിൽ മണ്ഡലത്തിൽ നിന്നുള്ളവർതന്നെ വേണമെന്ന് ഐക്യത്തോടെ ആവശ്യപ്പെടുമ്പോഴും മണ്ഡലത്തിൽനിന്ന് ആര് എന്നുള്ള കാര്യത്തോടടുക്കുമ്പോൾ ഐക്യം ഇല്ലാതാകുന്ന സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.