പി.കെ കുഞ്ഞാലിക്കുട്ടി നാമനിർദേശപത്രിക സമർപ്പിച്ചു
text_fields
മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി നാമനിർദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ മലപ്പുറം ജില്ല കലക്ടർ അമിത് മീണക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മുൻമന്ത്രി ആര്യാടൻ മുഹമ്മദ്, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
രാവിലെ പത്തോടെ കുഞ്ഞാലിക്കുട്ടി പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെത്തി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി തങ്ങൾ അടക്കമുള്ളവരുടെ അനുഗ്രഹം തേടി. തുടർന്ന് പൂക്കോയ തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവരുടെ ഖബറിടത്തിൽ പ്രാർഥന നടത്തി. തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാൻ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സ്വരൂപിച്ച തുക ഹൈദരലി ശിഹാബ് തങ്ങൾ കൈമാറി. പിന്നീട് ഡി.സി.സി ഒാഫിസിലെത്തി ആര്യാടൻ മുഹമ്മദടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അതിനുശേഷം നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ കലക്ടറേറ്റിലെത്തി പത്രിക സമർപ്പിക്കുകയായിരുന്നു. ഒരു സെറ്റ് പത്രികയാണ് സമർപ്പിച്ചത്.
യു.ഡി.എഫ് മികച്ച ജയം നേടുമെന്നും ഭൂരിപക്ഷം വർധിക്കുമെന്നും നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി.വി. അബ്ദുൽ വഹാബ് എം.പി, എം.എൽ.എമാരായ പി. ഉബൈദുല്ല, എം. ഉമ്മർ, പി.കെ. ബഷീർ, ടി.വി. ഇബ്രാഹിം, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, നാലകത്ത് സൂപ്പി എന്നിവരും അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.