സോളാറിൽ യജമാനനെ സംരക്ഷിച്ചതോ യോഗ്യത? റോബിൻ പീറ്ററിനും അടൂർ പ്രകാശിനുമെതിരെ പോസ്റ്ററുകൾ
text_fieldsപത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി വുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ എം.പി അടൂർ പ്രകാശിനും റോബിൻ പീറ്ററിനും എതിരെ കോന്നിയിൽ പോസ്റ്ററുകൾ. കോന്നിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി പരിഗണിക്കുന്ന റോബിൻ പീറ്റർ അടൂർ പ്രകാശിന്‍റെ ബിനാമിയാണെന്നാണ് പോസ്റ്ററിലെ ആരോപണം.
റോബിൻ പീറ്ററെ കോന്നിയിൽ മത്സരിപ്പിക്കരുതെന്നും കെ.പി.സി.സി വിഷയത്തിൽ ഇടപെടണമെന്നും കോൺഗ്രസ് സംരക്ഷണ വേദിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പറയുന്നു. കോന്നി മണ്ഡലത്തിലെ പ്രമാടം പഞ്ചായത്തിൽ ഉൾപ്പെടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ആറ്റിങ്ങൾ എം.പിയുടെ ബിനാമി റോബിൻ പീറ്ററെ കോന്നിക്ക് വേണ്ട എന്നാണ് പോസ്റ്ററിന്‍റെ തലക്കെട്ട്. കോന്നി ഉപതെരഞ്ഞെടുപ്പിൽ മോഹൻരാജിനെ എൻ.എസ്.എസ് സ്ഥാനാർഥിയായി ആക്ഷേപിച്ച് പരാജയപ്പെടുത്തിയെന്നും തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളെ പരാജയപ്പെടുത്താൻ നേതൃത്വം നൽകിയെന്നും ആരോപിക്കുന്നു. കൂടാതെ കോൺഗ്രസിനെ പരാജയപ്പെടുത്തുന്നതാണോ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള യോഗ്യതയെന്നും പോസ്റ്ററിൽ ചോദിക്കുന്നു.
'ഉപതെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനാൽ പി. മോഹൻരാജിനെ എൻ.എസ്.എസ് സ്ഥാനാർഥിയെന്ന് ആക്ഷേപിച്ച് പരാജയപ്പെടുത്തിയില്ലേ? ഡി.സി.സി ഭാരവാഹികളായ സാമുവേൽ കിഴക്കുപുറത്തിനെയും എലിസബത്ത് അബുവിനെയും പ്രമാടം മണ്ഡലം പ്രസിഡന്‍റ് വിശ്വംഭരനെയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിന് നേതൃത്വം നൽകിയത് റോബിനല്ലേ? സോളാർ കേസ് വന്നപ്പോൾ യജമാനനെ സംരക്ഷിക്കുകയും കേസിൽ കുടുങ്ങാതിരിക്കാൻ മാസങ്ങളോളം വിദേശത്ത് ഒളിവിൽ കഴിയുകയും ചെയ്തതോ സ്ഥാനാർഥിത്വ യോഗ്യത? പ്രമാടം പഞ്ചായത്ത് എൽ.ഡി.എഫ് ഭരണത്തിൽ എത്തിച്ചുകൊടുത്തത് അധികയോഗ്യതയാണോ? കോൺഗ്രസിനെ പരാജയപ്പെടുത്തുന്നതോ മത്സരിക്കാനുള്ള യോഗ്യത? കെ.പി.സി.സി പ്രസിഡന്‍റ് അടിയന്തരമായി ഇടപെടുക. കോന്നിയിലെ കോൺഗ്രസിനെ രക്ഷിക്കുക' -പോസ്റ്ററിൽ പറയുന്നു.
പോസ്റ്ററുകൾ തിങ്കളാഴ്ച രാവിലെ റോബിൻ പീറ്റർ പക്ഷത്തെ പ്രവർത്തകർ നീക്കം ചെയ്തു. കോന്നി ഉപതെരഞ്ഞെടുപ്പിന് മുമ്പും റോബിൻ പീറ്ററിനെതിരേ കോൺഗ്രസിൽനിന് എതിർപ്പ് ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.