സൈക്കിൾ റിക്ഷയിലെത്തി യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് പത്രിക സമർപ്പിച്ചു
text_fieldsകാക്കനാട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് വരണാധികാരി വിധു മേനോന് മുമ്പിൽ മുൻപാകെ നാമനിർദേശപത്രിക സമർപ്പിച്ചു. പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് സൈക്കിൾ റിക്ഷയിലെത്തിലാണ് നോമിനേഷൻ സമർപ്പിച്ചത്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ധനവില വർധനവിലൂടെ നടത്തുന്ന ജനദ്രോഹ നടപടിയിലുള്ള പ്രതിഷേധമായാണ് ഇത്തരം ഒരു രീതി സ്വീകരിച്ചതെന്ന് ഉമ തോമസ് പറഞ്ഞു. വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും പി.ടി തുടങ്ങി വച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും ഉമ തോമസ് വ്യക്തമാക്കി.
'പി.ടി തോമസ് മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം മുഴക്കിയ നൂറുകണക്കിന് പ്രവർത്തകരുടെയും യു.ഡി.എഫ് നേതാക്കളുടെയും അകമ്പടിയോടെയാണ് ഉമ തോമസ് എത്തിയത്. എം.പിമാരായ ഹൈബി ഈഡനും ജെ.ബി മേത്തറും ഉമ തോമസിനൊപ്പം റിക്ഷയിൽ ഉണ്ടായിരുന്നു. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് റിക്ഷ ചവിട്ടിയത്.
ബെന്നി ബെഹനാൻ എം.പി, എം.എൽ.എമാരായ ടി.ജെ വിനോദ്, എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, യു.ഡി.എഫ് നേതാക്കളായ ഷിബു തെക്കുംപുറം, വി.പി സജീന്ദ്രൻ, കെ.പി ധനപാലൻ, പി.കെ ജലീൽ, ജോസഫ് അലക്സ്, നൗഷാദ് പല്ലച്ചി, ജോഷി പള്ളൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളായ ടി.എച്ച് മുസ്തഫ, പി.പി തങ്കച്ചൻ എന്നിവരെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഉമ തോമസ് നാമനിർദേശ പത്രിക നൽകാൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.