യു.ഡി.എഫിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല -പിണറായി
text_fieldsകോട്ടയം: യു.ഡി.എഫിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്തുനിന്നുള്ള ശക്തികളുടെ സാന്നിധ്യം യു.ഡി.എഫിനുമേൽ പിടിമുറുക്കിയിരിക്കുകയാണ്. എസ്.ഡി.പി.ഐയെയും ജമാഅത്തെ ഇസ്ലാമിയെയും തൃപ്തിപ്പെടുത്തി മാത്രമേ ഇവർക്ക് മുന്നോട്ടുപോകാനാകൂവെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സമ്മേളനത്തിന്റെ ഭാഗമായി പാമ്പാടിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
മുസ്ലിം ലീഗിന് വോട്ടിനോടും സീറ്റിനോടും ആർത്തിയാണ്. എങ്ങനെയെങ്കിലും സീറ്റ് പിടിക്കണമെന്ന വല്ലാത്തൊരു വാശിയിലാണ് ലീഗ്. ഇതിനായി വർഗീയ കാർഡിറക്കി കളിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസ് ഇതിന് കൂട്ടുനിൽക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ ആദ്യം ആഹ്ലാദപ്രകടനം നടത്തിയത് എസ്.ഡി.പി.ഐയാണ്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും കേരളത്തിലുണ്ട്. ഇത് രണ്ടും നാടിനാപത്താണ്. ഒരു വർഗീയത മറ്റൊരു വർഗീയതക്ക് പ്രോത്സാഹനമാകുകയാണ്.
നേമത്തും തൃശൂരിലും ബി.ജെ.പിയെ വിജയിപ്പിച്ചത് കോൺഗ്രസാണ്. തൃശൂരിൽ മറ്റ് ചിലരും ബി.ജെ.പിയെ പിന്തുണച്ചു. ബി.ജെ.പിയുടെ മുഖം തിരിച്ചറിയാത്തവരല്ല ഇവരൊന്നും. വോട്ട് ലാക്കാക്കി ചിലർ പലയിടങ്ങളിലും സഞ്ചരിക്കുന്നുണ്ട്. ഇത്തരക്കാരെ സ്വീകരിക്കുന്നവർ മണിപ്പൂരും രാജ്യത്തുണ്ടായ മറ്റ് ലഹളകളും മറക്കരുത് -പിണറായി പറഞ്ഞു. സി.പി.എം കോട്ടയം ജില്ല സെക്രട്ടറി എ.വി. റസൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.