രമക്കെതിരായ ഭീഷണിക്കത്തിന് പിന്നിൽ യു.ഡി.എഫിലെ ക്രിമിനൽ രാഷ്ട്രീയ നേതൃത്വമെന്ന് പി. ജയരാജൻ
text_fields
കണ്ണൂർ: കെ.കെ. രമ എം.എൽ.എക്ക് ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നിൽ യു.ഡി.എഫിലെ ക്രിമിനൽ രാഷ്ട്രീയ നേതൃത്വമാണെന്ന് സംശയിക്കുന്നതായി സി.പി.എം നേതാവ് പി. ജയരാജൻ. രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ടു പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്ന് ഈയിടെ പുറത്തു വന്ന വാർത്തകൾ ആരും മറന്നുപോയിട്ടില്ല. ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു.
പി. ജയരാജന്‍റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...
വടകര എം.എൽ.എയുടെ പേരിൽ ലഭിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു. പുതുതായി അവരോധിക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്‍റ് വന്നപ്പോൾ കോൺഗ്രസ്സിലെ മറ്റൊരു ഗ്രൂപ്പ് നേതാവിന്‍റെ കുടുംബത്തെ തകർക്കുമെന്ന ഭീഷണിക്കത്ത് വന്നു എന്നതും ഈ സന്ദർഭത്തിൽ പ്രസക്തമാണ്.
ജനങ്ങൾ മറന്നുപോയ ഒരു കേസും അതിനെ കുറിച്ചുള്ള കുറിച്ചുള്ള കള്ള കഥകളും ലൈവാക്കി നിലനിർത്താൻ നിയമസഭാ സമ്മേളനത്തിൽ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യു.ഡി.എഫിലെ ഒരു ക്രിമിനൽ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന്‍റെ പിന്നിലുള്ളതെന്നും സംശയിക്കണം. അവയെല്ലാം വെളിച്ചത്ത് കൊണ്ടുവരുന്ന നിലയിലുള്ള അന്വേഷണം നടത്തണം.
രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ട് പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്ന് ഈയിടെ പുറത്ത് വന്ന വാർത്തകൾ ആരും മറന്നുപോയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് വടകരയിലെ എം.എൽ.എ ഓഫിസിന്‍റെ വിലാസത്തിൽ കത്ത് ലഭിച്ചത്. മകൻ അഭിനന്ദിനെ മൃഗീയമായി കൊല്ലുമെന്നാണ് കത്തിലെ വരികൾ. അഭിനന്ദിന്‍റെ തല തെങ്ങിൻ പൂക്കുല പോലെ ചിതറും. എ.എൻ. ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ആർ.എം.പിക്കാർ പങ്കെടുക്കരുതെന്നും ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണുവിനെ അഭിസംബോധന ചെയ്തു തുടങ്ങുന്ന കത്തിൽ പറയുന്നു. റെഡ് ആർമി, പി.ജെ ബോയ്സ് എന്ന പേരിലാണ് കത്ത് അയച്ചിട്ടുള്ളത്.
'സി.പി.എമ്മിനെതിരെ മാധ്യമങ്ങളിൽ ചർച്ചയ്ക്കു വന്നാൽ ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി തീർത്തതു പോലെ 100 വെട്ടുവെട്ടി തീർക്കും. കെ.കെ.രമയുടെ മകൻ അഭിനന്ദിനെ അധികം വളർത്തില്ല. അവന്‍റെ മുഖം പൂക്കുല പോലെ നടുറോഡിൽ ചിന്നിച്ചിതറും. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ഞങ്ങൾ ആ ക്വട്ടേഷൻ എടുത്തത്. ഒഞ്ചിയം പഞ്ചായത്ത് മുൻ പ്രസിഡന്റിനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാർട്ടിക്ക് തരണ്ട. അത് വടകര ചെമ്മരത്തൂരിലെ സംഘമാണ് ചെയ്തത്. അവർ ചെയ്തതു പോലെയല്ല ഞങ്ങൾ ചെയ്യുക. ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചയിൽ ആർ.എംപി.ക്കാരെ കാണരുത്''– കത്തിൽ എഴുതിയതിങ്ങനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.