തൂത്തുവാരി എൽ.ഡി.എഫ്; അടിതെറ്റി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: അഞ്ചുവർഷം കഴിയുേമ്പാൾ ഭരണം കിട്ടുമെന്ന് മോഹിച്ച യു.ഡി.എഫ് ഇടതു തരംഗത്തിൽ തകർന്നടിഞ്ഞു. ചിലർ വരുേമ്പാൾ ചരിത്രം വഴിമാറുമെന്ന് പറഞ്ഞപോലെ പിണറായി വിജയനു മുന്നിൽ ചരിത്രം വഴിമാറുകയാണ്. നാലു പതിറ്റാണ്ടിെൻറ രീതി മാറ്റി ഇടതുമുന്നണി തുടർഭരണമുറപ്പിച്ചപ്പോൾ യു.ഡി.എഫിെൻറ നില കഴിഞ്ഞ തവണത്തെക്കാൾ പരുങ്ങലിലായി. ഇടത് കൊടുങ്കാറ്റിനെ പ്രതിരോധിക്കാൻ യു.ഡി.എഫിെൻറ ആവനാഴിയിലെ ആയുധങ്ങൾ മതിയായില്ല. ദേശീയ തലത്തിലും ഇടതിന് പിടിച്ചുനിൽക്കാൻ വഴിയൊരുക്കുന്നതായി കേരളത്തിലെ വിജയം.
ക്യാപ്റ്റനായി അനുയായികൾ ആവേശം കൊണ്ട പിണറായിയുടെ നേതൃത്വത്തിൽ സെഞ്ച്വറിക്ക് തൊട്ടടുത്ത് സീറ്റ് (99) നേടി. കഴിഞ്ഞ തവണ ഉപതെരഞ്ഞെടുപ്പിനുശേഷം 93 സീറ്റായിരുന്നു ഇടതിന്. ഭരണവിരുദ്ധ വികാരം ലവലേശമുണ്ടായില്ല. ലോക്സഭ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിെൻറ ആലസ്യത്തിൽ തദ്ദേശത്തിൽ ജനം നൽകിയ മുന്നറിയിപ്പിലും പഠിക്കാതിരുന്ന യു.ഡി.എഫ് ദയനീയ തോൽവി ഏറ്റുവാങ്ങി. അഞ്ചുവർഷം പ്രതിപക്ഷത്തിരുന്ന യു.ഡി.എഫ് ഭരിക്കേണ്ടെന്നും വീണ്ടും പ്രതിപക്ഷമായാൽ മതിയെന്നും ജനം വിധിച്ചു. 10 സീറ്റ് പിടിക്കുമെന്നുറപ്പിച്ച് പറഞ്ഞ ബി.െജ.പിയുടെ നേമത്തെ അക്കൗണ്ട് പൂട്ടി. പാലക്കാട് ഉയർത്തിയ വെല്ലുവിളി ഷാഫി പറമ്പിൽ അതിജീവിച്ചു. കഴിഞ്ഞ തവണ ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ഇക്കുറി കൂടുതൽ സീറ്റിൽ രണ്ടാമതെത്തി. ഒരു സമുദായത്തിനെതിരെ പ്രചാരണം തിരിച്ചുവിട്ട പി.സി. ജോർജ് പൂഞ്ഞാറിൽ തോറ്റു. ഇടതുമുന്നണി-99, യു.ഡി.എഫ്-41, ബി.ജെ.പി-പൂജ്യം എന്നാണ് കക്ഷിനില. സി.പി.എം തനിച്ച് കേവല ഭൂരിപക്ഷം നേടുന്നതിന് മൂന്നുസീറ്റ് അടുത്തെത്തി.
11 ജില്ലകളിൽ ഇടതു മുന്നണി മേൽക്കൈ നേടി. മലപ്പുറം, എറണാകുളം, വയനാട് മാത്രമാണ് യു.ഡി.എഫ് പിടിച്ചുനിന്നത്. പത്തനംതിട്ടയിൽ മുഴുവൻ സീറ്റും ഇടത് നേടി. ആലപ്പുഴ, തൃശൂർ, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ ഒന്നൊഴികെ എല്ലാ സീറ്റിലും ഇടതാണ്. കഴിഞ്ഞ തവണ 91 സീറ്റുകളുണ്ടായിരുന്ന ഇടതു മുന്നണി എട്ട് സീറ്റ് കൂടി വർധിപ്പിച്ചു. 47 ഉണ്ടായിരുന്ന യു.ഡി.എഫിന് ആറ് സീറ്റ് നഷ്ടമായി. കോൺഗ്രസ് കഴിഞ്ഞ തവണത്തെ 21 സീറ്റ് നിലനിർത്തിയപ്പോൾ 18 സീറ്റുണ്ടായിരുന്ന ലീഗ് 15 ലേക്ക് താഴ്ന്നു. അഴീക്കോട്, കോഴിക്കോട് സൗത്ത്, കളമശ്ശേരി എന്നിവ നഷ്ടമായി.
രണ്ടായി പിളർന്ന കേരള കോൺഗ്രസുകൾക്ക് രണ്ടു മുന്നണികളിലായി ഏഴു സീറ്റ് ലഭിച്ചു. ജോസ് കെ. മാണി വിഭാഗത്തിന് ഇടതു മുന്നണിയിൽ അഞ്ചും പി.ജെ. ജോസഫ് വിഭാഗത്തിന് യു.ഡി.എഫിൽ രണ്ടും. മുന്നണി മാറ്റം നഷ്ടക്കച്ചവടമായില്ലെങ്കിലും കേരള കോൺഗ്രസിെൻറ നേതാവ് ജോസ് കെ. മാണിയുടെ പാലായിലെ പരാജയം കനത്ത തിരിച്ചടിയായി. പാലാ കോട്ട പിടിച്ച മാണി സി. കാപ്പൻ സീറ്റ് കിട്ടാെത മുന്നണി മാറി വന്നപ്പോൾ ജോസ് കെ. മാണിയെ മലർത്തിയടിച്ചു. സ്വന്തം ബൂത്തിലും ജോസ് കെ. മാണി പിന്നിലായി. കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടിയ നാലിൽ രണ്ടു വീതം വിജയം.
അങ്കത്തിനിറങ്ങിയ മൂന്നു എം.പിമാരും തോറ്റു. സുരേഷ്ഗോപി (തൃശൂർ) കെ. മുരളീധരൻ (നേമം) എം.വി. ശ്രേയാംസ്കുമാർ (കൽപറ്റ). കുന്നത്തുനാട്ടിൽ അട്ടിമറി വിജയമാക്കാൻ ട്വൻറി ട്വൻറിക്ക് കഴിഞ്ഞില്ല. പേക്ഷ, സിറ്റിങ് എം.എൽ.എ വി.പി. സജീന്ദ്രൻ തോറ്റു. മുഖ്യമന്ത്രിയുടെ കടുത്ത വിമർശകരായ കെ.എം. ഷാജി, വി.ടി. ബലറാം, കെ.എസ്.ശബരീനാഥ്, പി.കെ. ഫിറോസ് എന്നിവർ പരാജയപ്പെട്ടു. കെ.എം. ഷാജി, കാരാട്ട് റസാഖ്, പാറയ്ക്കൽ അബ്ദുല്ല, വി.ടി. ബലറാം, അനിൽ അക്കര, എം. സ്വരാജ്, വി.പി. സജീന്ദ്രൻ, എൽദോ എബ്രഹാം, പി.സി. ജോർജ്, ആർ. രാമചന്ദ്രൻ (കരുനാഗപ്പള്ളി) ജെ. മേഴ്സിക്കുട്ടിയമ്മ, വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ എന്നീ സിറ്റിങ് എം.എൽ.എമാർ തോറ്റു.
ഇതിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പരാജയം ഇടതുമുന്നണിക്ക് ക്ഷീണമായി. യു.ഡി.എഫിൽ ചേക്കേറിയ ആർ.എസ്.പിക്ക് ഇക്കുറിയും ഒരു സീറ്റിലും വിജയിക്കാനായില്ല. ജനാധിപത്യ കേരള കോൺഗ്രസിന് ലഭിച്ച സീറ്റിൽ തിരുവനന്തപുരത്ത് ആൻറണി രാജു അട്ടിമറി വിജയം നേടി. കനത്ത മത്സരം നടന്ന തൃത്താല വി.ടി. ബലറാമിൽനിന്ന് സി.പി.എമ്മിലെ എം.ബി. രാജേഷ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ കഷ്ടിച്ച് ജയിച്ച മന്ത്രി എം.എം. മണി വമ്പൻ ഭൂരിപക്ഷം നേടി. തോൽവി സമ്മതിച്ച് തലമൊട്ടയടിക്കുമെന്ന പ്രഖ്യാപനം എതിർ സ്ഥാനാർഥി ഇ.എം. അഗസ്തി ആവർത്തിച്ചു.
കെ.കെ. രമയുടെ വിജയം തരംഗത്തിലും തിളങ്ങിനിൽക്കുന്നു. സി.പി.എമ്മിൽ പടലപ്പിണക്കമെന്ന് വിശേഷിപ്പിച്ച ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിലും വിവാദങ്ങളേറെയുണ്ടായ കായംകുളത്തും അവർക്ക് അശേഷം ആഘാതമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.