രാജ്യസഭ സീറ്റിനെച്ചൊല്ലി യു.ഡി.എഫിലും മുറുമുറുപ്പ്
text_fieldsകോട്ടയം: എൽ.ഡി.എഫിന് പിന്നാലെ രാജ്യസഭ സീറ്റിനെച്ചൊല്ലി യു.ഡി.എഫിലും മുറുമുറുപ്പ്. ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലൊന്നിൽ യു.ഡി.എഫിന് ജയിക്കാൻ കഴിയും. ഈ സീറ്റ് മുസ്ലിം ലീഗിന് നൽകാൻ നേരത്തേ യു.ഡി.എഫിൽ ധാരണയായിരുന്നു. ലീഗ് സ്ഥാനാർഥി ചർച്ചകൾക്കും തുടക്കമിട്ടിരിക്കെ, അവകാശവാദവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്തെത്തുമെന്ന വാർത്തകളാണ് അസ്വസ്ഥതകൾക്ക് ഇടയാക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ കോൺഗ്രസ് കാലുവാരിയെന്ന് ചൂണ്ടിക്കാട്ടി, രാജ്യസഭ സീറ്റ് ചോദിക്കാനാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ആലോചന. ഭാവിയിൽ ഒഴിവുവരുന്ന സീറ്റ് ലക്ഷ്യമിട്ടുള്ള നീക്കംകൂടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോൺഗ്രസ് നിലപാട്.
ജോസഫ് വിഭാഗത്തിന് ലോക്സഭ സീറ്റ് തന്നെ അധികമാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഇവർക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. ഇത് തള്ളിയാണ് ജോസഫിന്‍റെ ആവശ്യം കെ.പി.സി.സി അംഗീകരിച്ചത്.
മുസ്ലിം ലീഗിന് രാജ്യസഭ സീറ്റ് നൽകുന്നതിൽ എതിർപ്പുമായി കോൺഗ്രസിലെ ഒരുവിഭാഗം രംഗത്തുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സിറ്റിങ് എം.പിമാരിൽ ചിലർ പരാജയപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഇവർ പറയുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസിൽനിന്നുതന്നെ രാജ്യസഭ എം.പി വേണമെന്നാണ് ഇവരുടെ ആവശ്യം. ലീഗിന്‍റെ ചില നിലപാടുകളും രാജ്യസഭ സീറ്റ് നൽകുന്നതിനെ എതിർക്കുന്നതിന് കാരണമായി ചിലർ ചൂണ്ടിക്കാട്ടുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടുവർഷം മാത്രം ബാക്കിനിൽക്കെ രാജ്യസഭ സീറ്റിൽ പരീക്ഷണം നടത്തേണ്ടതുണ്ടോയെന്ന സംശയവും ഇവർ ഉയർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.