പി.ജെ. കുര്യനെ രാജ്യസഭയിലേക്ക് നിർദേശിച്ചത് താൻ -ഉമ്മന്‍ ചാണ്ടി
text_fieldsതിരുവനന്തപുരം: പി.ജെ. കുര്യന് രാജ്യസഭയിലേക്ക് സീറ്റ് നൽകാൻ താൽപര്യമെടുത്തത് താനാണെന്ന് ഉമ്മൻ ചാണ്ടി. വി.വി. രാഘവന്‍ അന്തരിച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് അദ്ദേഹം ആദ്യമായി രാജ്യസഭയിലേക്ക് പോയത്. ആ സീറ്റിന് അന്ന് കേരള കോണ്‍ഗ്രസിന് അവകാശവാദം ഉന്നയിക്കാമായിരുന്നു. എന്നാല്‍, അവര്‍ക്ക് അടുത്ത പ്രാവശ്യം നല്‍കാമെന്ന് പറഞ്ഞ് പി.ജെ. കുര്യന് സീറ്റ് നല്‍കാന്‍ താന്‍ മുന്‍കൈയെടുത്തു.
ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും സീറ്റ് കിട്ടുന്നതിനും കൂടെ നിന്നു. പകരം ഒരു പേര് നിര്‍ദേശിച്ചത് 2012ല്‍ മാത്രമാണ്. അതാകട്ടെ അദ്ദേഹത്തോട് തന്നെ തുറന്നുപറഞ്ഞിരുന്നു. മലബാറില്‍നിന്ന് ഒരാള്‍ക്ക് സീറ്റ് നല്‍കണമെന്ന താൽപര്യത്തില്‍ എന്‍.പി. മൊയ്തീെൻറ പേരാണ് താന്‍ കഴിഞ്ഞ തവണ നിര്‍ദേശിച്ചത്. തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്ന കുര്യെൻറ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ലോക്സഭയിലേക്ക് മത്സരിക്കുന്ന 1980 മുതല്‍ താന്‍ അദ്ദേഹത്തെ പിന്തുണച്ചിട്ടേയുള്ളൂ. മറ്റ് എന്തൊക്കെ സഹായം ചെയ്തുവെന്ന് ഇപ്പോള്‍ പറയുന്നില്ല. പി.ജെ. കുര്യനെതിരേ താന്‍ ആരോടും പരാതിപറഞ്ഞിട്ടില്ല. പറയണമെങ്കില്‍ കോണ്‍ഗ്രസ് പ്രസിഡൻറിനോടാണ് പറയേണ്ടത്. അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിച്ച് പി.ജെ. കുര്യന് അക്കാര്യം മനസ്സിലാക്കാം. കുര്യനോട് വ്യക്തിപരമായി വൈരാഗ്യമില്ല. ബഹുമാനവും ആദരവുമേയുള്ളൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സീറ്റ് നൽകിയത് രാഷ്ട്രീയ തീരുമാനമെന്ന് ചെന്നിത്തല
കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകിയത് രാഷ്ട്രീയ തിരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരുമാനം കോൺഗ്രസിനെയും മുന്നണിയെയും ശക്തിപ്പെടുത്തും. വസ്തുതയറിയാതെയുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു തവണത്തേക്ക് മാത്രമുള്ള ധാരണ പ്രകാരമാണ് സീറ്റ് കേരള കോൺഗ്രസിന് നൽകിയത്. ഇതിലൂടെ കോൺഗ്രസിന്‍റെ സീറ്റ് നഷ്ടപ്പെടുകയില്ല. 2020 ൽ ഇതിന് പകരമായി രണ്ട് സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും ഇത്തരത്തിൽ സീറ്റുകൾ മാറിയിട്ടുണ്ട്. അങ്ങിനെയാണ് അബ്ദുൽ വഹാബിന്‍റെ സീറ്റ് എ.കെ ആന്‍റണിക്ക് നൽകിയത്. ലീഗും മറ്റ് ഘടകക്ഷികളും ചേർന്നാൽ മാത്രമേ മുന്നണി ശക്തമാകൂ. ഇക്കാര്യങ്ങൾ ഹൈകമാൻഡിന് മനസിലായതിനാലാണ് തീരുമാനം അംഗീകരിച്ചത്. കോൺഗ്രസിനും യു.ഡി.എഫിനും ധാരണ ഗുണകരമാണ്. വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുമുണിയെയും ബി.ജെ.പിയെയും നിലംപരിശാക്കാൻ ഇതോടെ യു.ഡി.എഫിനാവുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് യോഗത്തിൽ നിന്ന് വി.എം സുധീരൻ ഇറങ്ങിപ്പോയി
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് യോഗത്തിൽ നിന്ന് വി.എം സുധീരൻ ഇറങ്ങിപ്പോയി. മാണി വരുന്നത് യു.ഡി.എഫിെന ശക്തിപ്പെടുത്തുന്ന തീരുമാനമല്ലെന്ന് സുധീരൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് സുതാര്യമായ തീരുമാനമല്ല. ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെയാണ് തീരുമാനമെടുത്തത്. ഇൗ തീരുമാനത്തിലൂടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ചതിക്കപ്പെട്ടിരിക്കുന്നു. ഇതിെൻറ ഗുണഭോക്താവ് ബി.ജെ.പി മാത്രമാണെന്നും സുധീരൻ പറഞ്ഞു.
ഇതിന് പാർട്ടി കനത്ത വില നൽകേണ്ടി വരും. കേരള കോൺഗ്രസിന് സീറ്റ് നൽകിയ തീരുമാനം പുനപരിശോധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് അധ്യക്ഷനോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ പാർട്ടിക്ക് ഗുണകരമല്ല. കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തു നിന്ന് ശക്തമായ എതിർപ്പുണ്ട്. ഇതുകൊണ്ട് പാർട്ടിക്ക് വൻ തകർച്ചയാണുണ്ടാക്കുക. ഏത് ലക്ഷ്യത്തെ മുൻ നിർത്തിയാണോ തീരുമാനമെടുത്തത് അതിെൻറ വിപരീത ഫലമാണുണ്ടാവുക. രാജ്യസഭാ സീറ്റ് ദാനം ചെയ്യുക വഴി കോൺഗ്രസ് നാശത്തിലേക്ക് നീങ്ങുകയാണ്. അതിനാൽ എ.െഎ.സി.സി തീരുമാനം പുനഃപരിശോധിക്കണം എന്നും താൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം തിരുമാനങ്ങളോട് യോജിക്കാനകില്ല. ശക്തമായ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയാണ്. പ്രതിഷേധ സൂചകമായി തെൻറ വിയോജിപ്പ് യു.ഡി.എഫ് യോഗത്തിൽ അറിയിച്ച ശേഷം വിട്ടു നിൽക്കുകയായിരുന്നെന്നും സുധീരൻ പറഞ്ഞു.
കെ.എം. മാണി കൂടി ഉൾപ്പെട്ട യോഗത്തിൽ നിന്നാണ് സുധീരൻ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. കെ.എം മാണി യോഗത്തിന് വന്ന ഉടനായിരുന്നു സുധീരൻ ഇറങ്ങിപ്പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.