ഹർത്താൽ: രമേശ് ചെന്നിത്തലക്ക് ഹൈകോടതിയുടെ അടിയന്തര നോട്ടീസ്
text_fieldsെകാച്ചി: തിങ്കളാഴ്ച യു.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹരജിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അടിയന്തര നോട്ടീസയക്കാൻ ഹൈകോടതി ഉത്തരവ്. ചങ്ങനാശ്ശേരി മാടപ്പള്ളി ഗ്രാമപഞ്ചായത്ത് സ്വതന്ത്ര അംഗം സോജന്‍ പവിയനോസ് നൽകിയ ഹരജിയിൽ സ്പീഡ് പോസ്റ്റിൽ നോട്ടീസയക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഹർത്താൽ ദിവസം സുരക്ഷ ഉറപ്പാക്കൽ സർക്കാറിെൻറ ബാധ്യതയാണെന്ന് നിരീക്ഷിച്ച കോടതി സുരക്ഷിതത്വം നൽകുമെന്ന് പൊതുജനങ്ങളെ മാധ്യമങ്ങളിൽ പരസ്യം നൽകി അറിയിക്കാനും ഉത്തരവിട്ടു. പൊതുസേവകനായ പ്രതിപക്ഷ നേതാവ് ഹർത്താൽ നടത്തുന്നത് കോടതിയലക്ഷ്യമാണെന്നും കേസെടുക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
സർക്കാറിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് െചന്നിത്തലയെ ഉത്തരവാദിയായി പ്രഖ്യാപിക്കുകയും നഷ്ടം ഇൗടാക്കുകയും വേണം. ഹര്‍ത്താൽ ദിവസം ജനജീവിതം സുഗമമാകാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ഹർത്താൽ നിയമവിരുദ്ധമാണെന്ന് സർക്കാർ പൊതുജനത്തെ അറിയിച്ചിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. നിയമവിരുദ്ധ നടപടികൾക്ക് സർക്കാറിന് അനുമതി നൽകാനാവുമോ? ഹർത്താലിൽനിന്ന് സംരക്ഷണം നൽകുമെന്ന് ജനങ്ങൾക്ക് ഉറപ്പുകൊടുത്തിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. സാധ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്ന് സർക്കാർ അഭിഭാഷകൻ മറുപടി പറഞ്ഞു.
ഹര്‍ത്താലുകളുടെ പേരിൽ ഭീഷണി മുഴക്കലില്ലെങ്കിലും ജനങ്ങള്‍ അപകട സാധ്യത ഭയക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഭീതി ഇല്ലാതാക്കലും സുരക്ഷ ഉറപ്പാക്കലും സര്‍ക്കാറിെൻറ ഉത്തരവാദിത്തമാണ്. ഹർത്താലും ബന്ദും ഡിവിഷൻ ബെഞ്ച് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതാണ്. സ്ഥാപനങ്ങൾ, കടകൾ, ഒാഫിസുകൾ എന്നിവക്ക് സംരക്ഷണം ഉറപ്പുവരുത്താൻ സർക്കാറിന് സാധിക്കുമോയെന്നും കോടതി ചോദിച്ചു. ആവശ്യമുള്ളവർക്ക് പ്രത്യേക സംരക്ഷണം നൽകാൻ തയാറാണെന്ന് സർക്കാർ വ്യക്തമാക്കി. അനിഷ്ട സംഭവങ്ങളുണ്ടായാൽ മാത്രമേ പൊലീസ് ഇടപെടലും നടപടിയും ആവശ്യമുള്ളൂവെന്നും സർക്കാർ അറിയിച്ചു. നിയമവിരുദ്ധമായ ഹർത്താൽ പ്രഖ്യാപിച്ചതിന് പൊതുസേവകനെന്ന നിലയിൽ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 166ാം വകുപ്പ് പ്രകാരം രമേശ് ചെന്നിത്തലക്കെതിരെ നടപടി സാധ്യമാകില്ലേയെന്ന് കോടതി ആരാഞ്ഞു.
പ്രതിപക്ഷ നേതാവ് പൊതുസേവകെൻറ പരിധിയിൽ വരില്ലെന്ന് സുശീൽ കുമാർ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സർക്കാർ അഭിഭാഷകൻ മറുപടി നൽകി. എം.എൽ.എമാരും െപാതുസേവകരുടെ പട്ടികയിൽ വരാത്തതിനാൽ ആ നിലക്കും നടപടി സാധ്യമല്ല. അഴിമതി നിരോധന നിയമ പ്രകാരമുള്ള നടപടികൾ എം.എൽ.എമാർക്കെതിെര സാധ്യമല്ലേയെന്ന് കോടതി ചോദിച്ചു. ഹർത്താലിെൻറ പേരിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാനും നേരിടാനും വേണ്ട നടപടികൾ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും ജില്ല പൊലീസ് മേധാവികൾക്കും ഉത്തരവ് നൽകിയതായി സർക്കാർ അറിയിച്ചു. വകുപ്പുകൾ തമ്മിൽ മാത്രമല്ല, പൊതുജനങ്ങൾക്ക് വേണ്ടിയും നടപടിയുണ്ടാകണമെന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.