കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ വെട്ടിലാക്കാന്‍ വിപ്പുമായി യു.ഡി.എഫ്.
text_fieldsതിരുവനന്തപുരം/'കോട്ടയം: സമദൂര നിലപാട് സ്വീകരിച്ച കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ വെട്ടിലാക്കാന്‍ വിപ്പുമായി യു.ഡി.എഫ്. പാര്‍ട്ടികള്‍ നല്കുന്ന വിപ്പിന് പുറമെയാണ് കേരള കോണ്‍ഗ്രസിലെ അഞ്ചംഗങ്ങള്‍ക്കും യു.ഡി.എഫ് മൂന്നുവരി വിപ്പ് നല്‍കിയത്.
ഇതോടെ മുന്നണി ബന്ധത്തിെൻറ കാര്യത്തിൽ ജോസ് പക്ഷം ഉടൻ പരസ്യനിലപാട് സ്വീകരിക്കേണ്ടിവരും. മുന്നണികളിലെ ശാക്തിക ചേരി നിർണയത്തിനും തിങ്കളാഴ്ചയിലെ നിയമസഭാ സമ്മേളനം സാക്ഷിയാകും. പരസ്പരം കലഹിക്കുന്ന കേരള കോണ്‍ഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങൾക്കിടയിൽ വിപ്പ് സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് ഇരുപക്ഷത്തുമായി നിലയുറപ്പിച്ച അഞ്ച് എം.എല്‍.എമാര്‍ക്കും യു.ഡി.എഫ് വിപ്പ് നല്‍കിയത്.
നിയമസഭയിലെ യു.ഡി.എഫ് വിപ്പ് സണ്ണി ജോസഫാണ് മൂന്നുവരി വിപ്പ് നല്‍കിയത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിപ്പ് ബാധകമല്ലെങ്കിലും അതുകൂടി ചേര്‍ത്താണ് നല്‍കിയത്. രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭയിലെ ചര്‍ച്ചകളിലും എന്ത് നിലപാട് സ്വീകരിക്കണമെന്നാണ് വിപ്പില്‍ നിർദേശം. നിയമസഭാ നടപടികളില്‍ മൂന്നുവരി വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാക്കുന്നതുള്‍പ്പെടെ നടപടികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
എന്നാല്‍, മുന്നണിയുടെ വിപ്പിന് എത്രമാത്രം നിയമസാധുതയുണ്ടാകുമെന്ന സംശയവുമുണ്ട്. പാർട്ടി നിലപാടുകളുടെ അടിസ്ഥാനത്തില്‍ സ്വന്തം അംഗങ്ങൾക്ക് അതത് പാര്‍ട്ടിയാണ് വിപ്പ് നല്‍കേണ്ടത്. ഇതനുസരിച്ച് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും പരസ്പരം വിപ്പ് നല്കി. ലംഘിച്ചാൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും ഇരുപക്ഷവും നൽകി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍നിന്നും അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍നിന്നും വിട്ടുനില്‍ക്കാനാണ് ജോസ് പക്ഷത്തിെൻറ തീരുമാനം. എന്നാൽ, ജോസഫ് വിഭാഗത്തിെൻറ നിലപാട് യു.ഡി.എഫിന് അനുകൂലമാണ്.
അതിനിടെ, രാജ്യസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിെൻറ പിന്തുണ തേടി ലോക് താന്ത്രിക് ജനതാദൾ. ശനിയാഴ്ച ജോസ് കെ. മാണിയുടെ പാലായിലെ വസതിയിലെത്തിയാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഷേഖ് പി. ഹാരിസ് പിന്തുണ തേടിയത്. ഇടത് സ്ഥാനാർഥിയായ എം.വി. ശ്രേയാംസ് കുമാറിന് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനാണ് പാർട്ടി തീരുമാനമെന്ന് ജോസ് കെ. മാണി അറിയിച്ചു. സി.പി.എം അറിവോടെയായിരുന്നു പിന്തുണ തേടലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.