പന്തീരങ്കാവ് യു.എ.പി.എ കേസിൽ യു.ഡി.എഫ് ഇടപെടുന്നു
text_fieldsകോഴിക്കോട്: പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സി.പി.എം അംഗങ്ങളായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും യു.എ. പി.എ ചുമത്തി ജയിലിലടച്ച കേസിൽ യു.ഡി.എഫ് ഇടപെടുന്നു. അലന്‍റെയും താഹയുടെയും വീട് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീ ർ സന്ദർശിച്ചു. ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരുവരുടെയും വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും.
വിദ്യാർഥികൾക്ക് മേൽ യു.എ.പി.എ ചുമത്തിയ വിഷയം മുന്നണിയിൽ കൂടിയാലോചിക്കുമെന്ന് എം.കെ. മുനീർ പറഞ്ഞു. വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിക്കും. യു.എ.പി.എക്കെതിരെ ശക്തമായ നിലപാടെടുത്തുവെന്ന് പറയുന്ന മുഖ്യമന്ത്രി അലന്‍റെയും താഹയുടെയും മേൽ യു.എ.പി.എ ചുമത്തിയതിനെ ന്യായീകരിക്കുകയാണ്.
ഏതെങ്കിലും തരത്തിലുള്ള അന്വേഷണം പൂർത്തിയാവുന്നതിന് മുമ്പ് ഇരുവരുടെയും മേൽ യു.എ.പി.എ ചുമത്തിയതിനെ ന്യായീകരിച്ചതിന്‍റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ആശയം പ്രചരിപ്പിച്ചതിന്‍റെ പേരിൽ ആർക്കെതിരെയും കേസെടുക്കാൻ കഴിയില്ലെന്നും മുനീർ പറഞ്ഞു.
നവംബർ ഒന്നിനാണ് സി.പി.എം ബ്രാഞ്ച് അംഗങ്ങളായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. റിമാന്‍റിലായ ഇരുവരും ജാമ്യം തേടി കോഴിക്കോട് ജില്ല കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു. കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുത്തു. തുടർന്ന്, വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിൽ അടച്ചിരിക്കുകയാണ് ഇരുവരെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.