അന്നംമുടക്കികളെന്ന് എൽ.ഡി.എഫ്; 2016ൽ സൗജന്യ അരിവിതരണം തടഞ്ഞത് ചൂണ്ടിക്കാട്ടി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ അരി വിതരണം പുതിയ പ്രചാരണവിഷയമായതോടെ പരസ്പരം ഏറ്റുമുട്ടി യു.ഡി.എഫും എൽ.ഡി.എഫും. പെരുമാറ്റച്ചട്ടം മുൻനിർത്തി തെരഞ്ഞെടുപ്പ് കമീഷൻ മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സ്പെഷൽ അരി വിതരണം തടയുകയും വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ കിറ്റ് വിതരണം നീട്ടിവെക്കാൻ നിർദേശിക്കുകയും െചയ്തതിന് പിന്നാലെയാണ് 'അന്നം മുടക്കികൾ' എന്ന് പരസ്പരം കടന്നാക്രമിച്ച് ഇരുമുന്നണികളും രംഗത്തുവന്നത്.
വിജ്ഞാപനം വരുംമുമ്പ് അരി നൽകുന്ന കാര്യത്തിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, അരി എത്തുന്നതിൽ കാലതാമസം ഉണ്ടായതോടെ വിതരണം വൈകി. ഇതിനെതുടർന്ന് വിതരണാനുമതി തേടി സർക്കാർ കമീഷനെ സമീപിച്ചപ്പോഴാണ് വിലക്ക് ഏർപ്പെടുത്തിയത്. വിഷുവും ഈസ്റ്ററും മുൻനിർത്തി മുഴുവൻ റേഷൻ കാർഡുടമകൾക്കും സൗജന്യ കിറ്റ്, സ്കൂൾ കുട്ടികൾക്കുള്ള അരി എന്നിവ നേരത്തേ നൽകാനുള്ള തീരുമാനത്തിലും കമീഷൻ സർക്കാറിനോട് വിശദീകരണം തേടിയിരിക്കുകയാണ്. പ്രതിപക്ഷനേതാവ് നൽകിയ കത്തുകൂടി പരിഗണിച്ചാണ് കമീഷെൻറ നടപടി. ഇതാണ് ഭരണപക്ഷം യു.ഡി.എഫിനെതിരെ ആയുധമാക്കിയിരിക്കുന്നത്. പ്രതിപക്ഷം പാവെപ്പട്ടവരുടെ അന്നംമുടക്കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രി രംഗത്തുവന്നതിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി വീട് കയറിയിറങ്ങിയും പ്രചാരണം തുടക്കമിട്ടു.
അതേസമയം, കുട്ടികൾക്കുള്ള അരി എട്ടുമാസത്തോളം പൂഴ്ത്തിവെച്ച് അവരുടെ അന്നംമുടക്കിയ സർക്കാർ വോട്ടുമാത്രം ഉന്നമിട്ടാണ് ഇപ്പോൾ രംഗത്തുവരുന്നതെന്നാണ് പ്രതിപക്ഷനേതാവിെൻറ ആരോപണം. ഇതോടൊപ്പം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ യു.ഡി.എഫ് സർക്കാറിനെതിരെ സമാന നിലപാട് സ്വീകരിച്ച് സൗജന്യ അരിവിതരണം എൽ.ഡി.എഫ് തടഞ്ഞതും യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.