കോട്ടയത്തെ യു.ഡി.എഫ് തലപ്പത്ത് മാറ്റം വരും; ജോസ് വിഭാഗത്തിന് ഇനി ഇടതുമുഖം
text_fieldsകോട്ടയം: ജോസ് കെ. മാണിയുടെ ഇടത്തേക്കുള്ള മാറ്റം ജില്ലയുടെ രാഷ്ട്രീയ മുഖത്തും പ്രതിഫലിക്കും. കെ.എം. മാണിയും ഉമ്മൻ ചാണ്ടിയും സി.എഫ്. തോമസും തിരുവഞ്ചൂർ രാധാകൃഷ്ണനും നേതൃത്വം നൽകിയിരുന്ന ജില്ലയിലെ യു.ഡി.എഫിന് ഇനി മാണി വിഭാഗം ഇല്ലാത്ത മുഖം. കെ.എം. മാണിയുടെ ചിത്രവും ജോസ് കെ. മാണിയും ഇനി എൽ.ഡി.എഫ് പക്ഷത്തെ തൂവെള്ള ചിരികളാകും.
ഇതിനൊപ്പം യു.ഡി.എഫ്, എൽ.ഡി.എഫ് ജില്ല നേതൃത്വങ്ങളിലും മാറ്റങ്ങളാകും. ജില്ല യു.ഡി.എഫിെൻറ നേതൃത്വത്തിൽ കോൺഗ്രസും കേരള കോൺഗ്രസുമായിരുന്നു. ജില്ല ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിനും കൺവീനർ സ്ഥാനം കോൺഗ്രസിനുമായിരുന്നു.
ജോസ് വിഭാഗം മുന്നണിവിട്ടതോടെ യു.ഡി.എഫിന് പുതിയ ചെയർമാനെത്തും. നിയോജക മണ്ഡലം, പഞ്ചായത്ത് തലങ്ങളിലും ഇത്തരത്തിൽ മാറ്റങ്ങളുണ്ടാകും. എൽ.ഡി.എഫിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ജോസ് കെ. മാണിക്ക് ഇടം നൽകാൻ ഇവിടെയും അഴിച്ചുപണിയുണ്ടാകും.
യു.ഡി.എഫിൽ പി.ജെ. ജോസഫിെൻറ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസും മുസ്ലിംലീഗും ഉൾപ്പെടുന്ന സഖ്യചേരിയായിരിക്കും കോണ്ഗ്രസിനൊപ്പമുണ്ടാകുക. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ് മത്സരിച്ചിരുന്ന പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂർ തുടങ്ങിയ മണ്ഡലങ്ങളിൽ പുതിയ സഖ്യമായിരിക്കും. കോണ്‍ഗ്രസും സംയുക്ത കേരള കോണ്‍ഗ്രസും ഒന്നുചേർന്ന് ഇടതു മുന്നണിയെ തോൽപിച്ചിരുന്ന പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ, നിയമസഭ, ലോക്സഭ തലങ്ങളിൽ പാർട്ടിയും സ്ഥാനാർഥികളും മാറിമറിയും.
മുമ്പ് ഒരു പതിറ്റാണ്ടോളം പി.ജെ. ജോസഫ് ഇടതുപക്ഷത്തായിരുന്ന കാലത്ത് കടുത്തുരുത്തി നിയോജക മണ്ഡലം ജോസഫിനൊപ്പമായിരുന്നു. യു.ഡി.എഫ് സ്ഥാപനകാലം മുതൽ പാലായിലും ചങ്ങനാേശ്ശരിയിലും മാണി വിഭാഗത്തിനായിരുന്നു വിജയം. വാഴൂർ നിയോജക മണ്ഡലം കെ. നാരായണക്കുറുപ്പിലൂടെയും പിന്നീട് എൻ. ജയരാജിലൂടെയും യു.ഡി.എഫ് നേടി. പിൽക്കാലത്ത് വാഴൂർ കാഞ്ഞിരപ്പള്ളി മണ്ഡലമായി മാറിയപ്പോൾ ജയരാജ് വിജയം ആവർത്തിച്ചു.
ജോസ് കെ. മാണിയുടെ മുന്നണിമാറ്റത്തോടെ വാർഡുതലം മുതൽ യു.ഡി.എഫിനുള്ള പൊതുസംവിധാനമാണ് ഇല്ലാതാകുന്നത്. രണ്ടു മാസത്തിനുള്ളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ പുതിയ മുന്നണി സംവിധാനം നിലവിൽ വരണം.
പ്രാദേശിക തലത്തിൽ കോണ്‍ഗ്രസും ജോസഫ് ഗ്രൂപ്പും മുസ്ലിംലീഗും തമ്മിലാണ് ഏറെ സീറ്റുകളും പങ്കുവെക്കേണ്ടത്. കഴിഞ്ഞ പഞ്ചായത്ത് നിയമസഭ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് ഏറ്റവും നേട്ടം കൊയ്തത് കോട്ടയം ഉൾപ്പെടുന്ന മധ്യകേരളത്തിലായിരുന്നു. പുതിയ മാറ്റങ്ങൾ ഭാവി കേരളരാഷ്ട്രീയത്തിലും നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.