കായംകുളം നഗരസഭയിൽ അവിശ്വാസ നീക്കവുമായി യു.ഡി.എഫ്
text_fieldsകായംകുളം: നഗരസഭയിലെ ഇടതുഭരണത്തിലെ വീഴ്ചകൾക്ക് എതിരെ സമരരംഗത്തുള്ള യു.ഡി.എഫ് അവിശ്വാസനീക്കം തുടങ്ങി. തിങ്കളാഴ്ച റിലേ സത്യഗ്രഹം അവസാനിപ്പിച്ച് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ഭാരവാഹികൾ അറിയിച്ചു. നഗരസഭ സ്ഥലത്തെ മരംമുറി വിവാദവുമായി ബന്ധപ്പെട്ട് തുടങ്ങിയ സമരം യു.ഡി.എഫ് കൗൺസിലർമാർക്ക് എതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ് എടുത്തതോടെ രൂക്ഷമാകുകയായിരുന്നു.
റിലേ സത്യഗ്രഹത്തിലൂടെ നഗരസഭയിൽ സമരമുഖം തുറന്ന യു.ഡി.എഫുമായി ചർച്ച ഇല്ലാതിരുന്നതാണ് അവിശ്വാസത്തിലേക്ക് വഴിതെളിച്ചത്. 44 അംഗ കൗൺസിലിൽ എൽ.ഡി.എഫ് 22, യു.ഡി.എഫ് 18, ബി.ജെ.പി മൂന്ന്, സ്വതന്ത്രൻ ഒന്ന് എന്നതാണ് കക്ഷിനില. കൗൺസിലർമാർ തുല്യനിലയിലായതിനാൽ അവിശ്വാസ പ്രമേയത്തിലൂടെ ഭരണപക്ഷത്തെ സമ്മർദ്ദത്തിലാക്കുകയെന്ന തന്ത്രമാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്.
സമരങ്ങളെ അവഗണിച്ച് തള്ളിയതാണ് യു.ഡി.എഫിനെ പ്രകോപിപ്പിച്ചത്. കൗൺസിലർമാരെ അപമാനിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുന്നതിൽ ചെയർപേഴ്സൺ വീഴ്ച വരുത്തിയതായി യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ആരോപിച്ചു. അഴിമതിയുടെ കൂത്തരങ്ങായി നഗരസഭ മാറി. സ്റ്റഡിയത്തിനും െഎ.ടി.െഎക്കുമായി ലക്ഷ്യമിട്ട സ്ഥലം സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്താൻ ശ്രമിച്ചത് ഭരണകക്ഷിക്കാരുെട പിന്തുണയിലാണ്.
കോവിഡ് വാക്സിൻ വിതരണത്തിൽ ഗുരുതര ക്രമക്കേട് തുടരുന്നു. ഒാൺലൈൻ കൗൺസിലുകളുടെ മറവിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. കൗൺസിൽ നേരിട്ട് വിളിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കുന്നില്ല. ഇൗ സാഹചര്യത്തിലാണ് വിഷയങ്ങൾ ചർച്ച ചെയ്യാനായി അവിശ്വാസത്തിന് നോട്ടീസ് നൽകാൻ തീരുമാനിച്ചതെന്ന് പാർലമെന്‍ററി പാർട്ടി യോഗം തീരുമാനിച്ചത്. സി.എസ്. ബാഷ അധ്യക്ഷത വഹിച്ചു. നേതാക്കളായ എ.പി. ഷാജഹാൻ, നവാസ് മുണ്ടകത്തിൽ, പി.സി. റോയി, അൻസാരി കോയിക്കലേത്ത്, സുമിത്രൻ, ബിജു നസറുല്ല, ബിദു രാഘവൻ, നസീമ, മിനി സാമൂവൽ, അംബിക, ഗീത, ലേഖ സോമരാജൻ, പി.കെ. അമ്പിളി, ഷീജ, ഷൈനി ഷിബു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.