രാഷ്ട്രീയ കൊലപാതകം: പ്രതികൾക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കത്തിനുപിന്നിൽ സി.പി.എം-ബി.ജെ.പി ധാരണ -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് വിവിധ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കി വിട്ടയയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദുരുദ്ദേശ്യപരവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണിത്. ജയിലിൽ കഴിയുന്ന സി.പി.എം പ്രദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ള കൊലയാളികളെ വിട്ടയയ്ക്കാനാണ് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നത്. സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിൽ പ്രത്യേക ഇളവ് നല്‍കി രാഷ്ട്രീയ കൊലയാളികള്‍ ഒഴികെയുള്ള തടവുകാരെ മോചിപ്പിക്കാറുണ്ട്. പ്രത്യേക ഇളവിന് രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ടവരെ കൂടി ഉള്‍പ്പെടുത്താനുള്ള മന്ത്രിസഭാ യോഗ തീരുമാനവും അതേത്തുടര്‍ന്ന് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവും നിയമവിരുദ്ധമാണ്. ഇവ രണ്ടും അടിയന്തിരമായി റദ്ദാക്കണം.
സംസ്ഥാനത്തെ നടുക്കിയ ടി പി ചന്ദ്രശേഖരന്‍ വധവും പെരിയ ഇരട്ട കൊലപാതകവും ഉൾപ്പെടെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ട ക്രിമിനലുകളെ നിയമവിരുദ്ധമായി ജയിലിന് പുറത്തെത്തിക്കാനാണ് സി.പി. എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നത്. 2016 മുതല്‍ 2021 വരെയുള്ള നിയമസഭാ കണക്കനുസരിച്ച് 1861 രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളാണ് സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ളത്. ഈ പ്രതികളെല്ലാം സി.പി.എം- ആര്‍.എസ്.എസ് ക്രിമിനലുകളാണ്. കൊലയാളി സംഘങ്ങളെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി സഖ്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ക്രമസമാധാനനില തകര്‍ത്തും ജനങ്ങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കിയും സംസ്ഥാനത്തെ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങളുടെ ചോരയില്‍ മുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനവിധി നിയമവിരുദ്ധമായ എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്ന് മനസിലാക്കണമെന്നും സതീശൻ വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.