വർഗീയപ്രചാരണം ചൂണ്ടിക്കാട്ടി സി.പി.എമ്മിനെ കടന്നാക്രമിക്കാൻ യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തിൽ പ്രതിരോധത്തിലായ സർക്കാറും ഇടതുമുന്നണിയും ഖുര്‍ആന്‍ ആയുധമാക്കിയതോടെ വർഗീയപ്രചാരണം ചൂണ്ടിക്കാട്ടി സി.പി.എം നേതൃത്വത്തിനെതിരെ യു.ഡി.എഫ്. അതേസമയം, വിവാദത്തിൽനിന്ന് ഖുർആൻ എന്ന വാക്കുപോലും ഒഴിവാക്കാനും യു.ഡി.എഫിൽ ധാരണ.
സ്വർണക്കടത്തില്‍ പ്രതിപക്ഷം സർക്കാറിനെതിരെ സമരം ശക്തമാക്കിയതോടെയാണ് വിശുദ്ധ ഗ്രന്ഥത്തെ സി.പി.എം പരിചയാക്കിയത്. ഖുര്‍ആന്‍ വിതരണം വിവാദമാക്കരുതെന്ന ചില മുസ്ലിം സംഘടനകളുടെ നിലപാടുകൂടി കണക്കിലെടുത്തായിരുന്നു ഇത്.
ഖുർആൻ വിതരണം ചെയ്തതിൽ എന്താണ് തെറ്റെന്ന പ്രചാരണം ശക്തമാക്കുന്നതോടെ ലീഗിനെ പിന്തുണക്കുന്നവർക്ക് ഉൾപ്പെടെ നിലപാട് സ്വീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും സി.പി.എം കണക്കുകൂട്ടുന്നു.
എന്നാൽ, സി.പി.എം കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രതയിലാണ് യു.ഡി.എഫ്. അതിനാലാണ് വിശുദ്ധഗ്രന്ഥത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതിലെ അതൃപ്തി ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. വിവാദ വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് അനാവശ്യമായി ഖുർആനെ വലിച്ചിഴക്കുന്നതെന്നും നിലപാടെടുത്തു.
പിന്നാലെയാണ് വർഗീയ പ്രചാരണം ചൂണ്ടിക്കാട്ടി സി.പി.എമ്മിനെതിരെ തിരിഞ്ഞത്. സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളിൽ സി.പി.എം നേതാക്കളും മക്കളും കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ മതസ്പര്‍ധ വളര്‍ത്തി കലാപം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണമാണ് ഉന്നയിച്ചത്.
കഴിഞ്ഞദിവസം ലീഗിനെ രംഗത്തിറക്കി സി.പി.എമ്മിനെതിരെ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ ഇന്നലെ കോൺഗ്രസ് നേതാക്കളും രംഗത്തിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.