പരാജയം: മുല്ലപ്പള്ളിക്കെതിരെ ജന്മനാട്ടിലും അമര്‍ഷം ശക്തം
text_fieldsവടകര: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ലഭിക്കുമായിരുന്ന വിജയം നഷ്ടമാക്കിയത് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ ഇടപെടലാണെന്ന ആക്ഷേപം ശക്തിപ്പെടുന്നതിനിടെ വടകരയിലും വ്യാപക അമര്‍ഷം. മുല്ലപ്പള്ളിയുടെ ജന്മനാടായ വടകരയിലെ ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഈ വികാരം പങ്കുവെക്കുന്നവരാണ്.
വോട്ടെടുപ്പ് ദിവസം മുല്ലപ്പള്ളിക്കൊപ്പമുണ്ടായിരുന്നവരില് ഏറെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ വോട്ട് പിടിച്ചവരാണെന്നതുള്പ്പെടെയുള്ള വിമര്‍ശനമാണുയരുന്നത്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാത്ത പക്ഷം ഈ മേഖലയിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സംഘടനാപ്രവര്‍ത്തനത്തില്‍നിന്നു മാറിനില്ക്കാനുള്പ്പെടെ തീരുമാനിച്ചേക്കുമെന്നറിയുന്നു. ഇതിനിടെ, തെരഞ്ഞെടുപ്പ് വേളയില്‍ കല്ലാമല വിഷയത്തിലുള്‍പ്പെടെ മിതത്വം പാലിച്ചിരുന്ന ആര്.എം.പി.ഐയും പരസ്യപ്രതികരണവുമായി രംഗെത്തത്തി. ജന്മനാടിെൻറ വൈകാരികത പറയുന്ന മുല്ലപ്പള്ളി 2008ല്‍ ആര്.എം.പി.ഐ രൂപവത്കരിച്ചശേഷമാണ് വടകരയില്‍ സജീവമായത്. മുമ്പ്, കണ്ണൂര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഇതിനുപുറമെ, ടി.പി. ചന്ദ്രശേഖരന് വധഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് സി.ബി.ഐ അന്വേഷണം വേണമെന്ന് ആര്.എം.പി.ഐ ആവശ്യപ്പെട്ടിരുന്നു.
അന്ന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി ആത്മാർഥത കാണിച്ചില്ല. ടി.പി. വധത്തിനുപിന്നില്‍ വമ്പന്‍ സ്രാവുകളുണ്ടെന്ന് പറഞ്ഞു നടക്കുക മാത്രമാണ് മുല്ലപ്പള്ളി ചെയ്തതെന്നാണ് കുറ്റപ്പെടുത്തൽ. വെല്‍ഫെയര്‍പാര്‍ട്ടി ബന്ധത്തിെൻറ അനാവശ്യ പ്രസ്താവനകള്‍ നടത്തി മുല്ലപ്പള്ളി സഹപ്രവര്‍ത്തകരെ പ്രതിരോധത്തിലാക്കിയെന്നും പറയുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ പരമാവധി സീറ്റുകള്‍ സ്വന്തമാക്കുന്നതിനുപകരം തെൻറ അധികാരം കാണിക്കാനാണ് മുല്ലപ്പള്ളി ശ്രമിച്ചതെന്ന് പറയുന്നവരാണ് ഏറെയും.
സംസ്ഥാനത്തെ വിവിധ ഡി.സി.സി നേതൃത്വം പ്രാദേശിക തലത്തിലെടുത്ത സ്ഥാനാര്‍ഥി നിര്‍ണയ തീരുമാനത്തെ മുല്ലപ്പള്ളി വെട്ടിമാറ്റി പരാജയം ഏറ്റുവാങ്ങി. കോഴിക്കോട്, കണ്ണൂര്‍ ഡി.സി.സികളില്‍ അമിത ഇടപെടല്‍ നടത്തി. അതത്, പ്രദേശത്തെ മുല്ലപ്പള്ളി അനുകൂലികളുടെ നിര്‍ദേശത്തിനു വഴങ്ങി. ജനകീയാടിത്തറയുള്ള പ്രവര്‍ത്തകരുടെ വികാരം മാനിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹൈക്കമാൻഡിന് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് ചിലർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.