യു.ഡി.എഫ് കോട്ട; അടിയൊഴുക്കിൽ പ്രതീക്ഷ
text_fieldsശ്രീകണ്ഠപുരം: കുടിയേറ്റ കർഷക മണ്ണായ ഇരിക്കൂർ നിയോജക മണ്ഡലം യു.ഡി.എഫിന്റെ ഉരുക്കു കോട്ടയാണ്. സാക്ഷാൽ ഇ.കെ. നായനാരെ വിജയിപ്പിച്ച പരമ്പര്യമുള്ള ഇരിക്കൂർ പിന്നീട് വലതിന്റെ കുത്തകയായി വഴിമാറിയതാണ് ചരിത്രം.
39 വർഷം കോൺഗ്രസിലെ കെ.സി. ജോസഫായിരുന്നു ജന പ്രതിനിധി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം പിന്മാറിയതോടെ സജീവ് ജോസഫ് പിൻഗാമിയായി. മണ്ഡലം പുനർ നിർണയം നടത്തിയപ്പോൾ ഇടതിന്റെ എതിരില്ലാ കോട്ടയായ മലപ്പട്ടം പഞ്ചായത്തിനെ തളിപ്പറമ്പ് മണ്ഡലത്തിലും പടിയൂർ-കല്യാട് പഞ്ചായത്തിനെ മട്ടന്നൂർ മണ്ഡലത്തിലും പറിച്ചു നട്ടതോടെ ഇരിക്കൂർ മണ്ഡലം വലതിന്റെ ഭദ്രമായ ഉരുക്കുകോട്ടയായി.
ശ്രീകണ്ഠപുരം നഗരസഭയും ചെങ്ങളായി, ഇരിക്കൂർ, ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി, നടുവിൽ, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഇരിക്കൂർ മണ്ഡലം. ഇതിൽ ശ്രീകണ്ഠപുരം നഗരസഭയും ചെങ്ങളായി, പയ്യാവൂർ, ഉദയഗിരി ഒഴികെയുള്ള പഞ്ചായത്തുകൾ ഭരിക്കുന്നത് യു.ഡി.എഫാണ്. തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടുപോലും സ്വന്തമായതിനാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയവും ഭൂരിപക്ഷവും മികച്ചതാക്കാൻ ഇരിക്കൂർ കനിയുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.
എന്നാൽ, മണ്ഡലത്തിന്റെ മനസ്സിളകിയിട്ടുണ്ടെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലടക്കം ഇടതിന് ഒട്ടേറെ വോട്ട് സമ്മാനിച്ചവർ ഇത്തവണയും തങ്ങൾക്കൊപ്പമുണ്ടെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. കണ്ണൂർ മണ്ഡലത്തിൽ യു.ഡി.എഫ് എം.പിമാരെ സൃഷ്ടിക്കുന്നതിൽ ഇരിക്കൂറിന്റെ പങ്ക് നിർണായകമാണ്.
2009 ൽ ഇടതു സ്ഥാനാർഥിക്കെതിരെ ഇരിക്കൂർ മണ്ഡലത്തിൽ കെ. സുധാകരന് 28,044 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. അന്ന് സുധാകരന്റെ ജയത്തിൽ ഈ വോട്ടുകൾ പ്രധാന പങ്കുവഹിച്ചു. എന്നാൽ, 2014ൽ സുധാകരന്റെ ഭൂരിപക്ഷം 22,155 ആയി ഇരിക്കൂറിൽ കുറഞ്ഞു. ബാക്കി വോട്ടുകൾ പി.കെ. ശ്രീമതിക്ക് അനുകൂലമാവുകയും ചെയ്തു. അന്ന് ഇടതുജയമാണ് കണ്ണൂരിലുണ്ടായത്.
2019 ൽ വീണ്ടും സുധാകരൻ മണ്ഡലം തിരികെ പിടിച്ചതിൽ ഇരിക്കൂറിലെ കർഷക വോട്ടിന്റെ സ്വാധീനം വലുതായിരുന്നു. ഈയൊരു സ്ഥിതി തുടരുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. വലതു കോട്ടയിൽ വിള്ളലുണ്ടാക്കി വോട്ടുകൾ പിടിക്കാനുള്ള കഠിനശ്രമത്തിലാണ് ഇടതുപക്ഷം. വലിയൊരു അടിയൊഴുക്കും അവർ പ്രതീക്ഷിക്കുന്നു. ബി.ജെ.പിയും അവരുടെ വോട്ടുകൾ നിലനിർത്താൻ ശ്രമിക്കുന്നുണ്ട്. മലയോര മണ്ണായതിനാൽ സ്ഥാനാർഥികളെല്ലാം ഇവിടെ പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണിപ്പോൾ.
ഇരിക്കൂർ മണ്ഡലം ഒറ്റനോട്ടത്തിൽ
2021 നിയമസഭ തെരഞ്ഞെടുപ്പ്
യു.ഡി.എഫ്. - 76,764
എൽ.ഡി.എഫ്.- 66,754
എൻ.ഡി.എ.- 7,825
ഭൂരിപക്ഷം- 10,010
നിലവിലെ വോട്ടർമാർ:
ആകെ വോട്ടർമാർ -19,7680
ഇതിൽ 4,128 പുതിയ വോട്ടർമാർ
2019ലെ ലോക്സഭ വോട്ടുനില:
യു.ഡി.എഫ് - 90,221
എൽ.ഡി.എഫ്.- 52,901
എൻ.ഡി.എ. - 7,289
ഭൂരിപക്ഷം- 37,320
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.