സിൽവർ ലൈനിനെതിരെ ചോദ്യങ്ങളുമായി യു.ഡി.എഫ് ലഘുലേഖ
text_fieldsതിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്ന ലഘുലേഖ യു.ഡി.എഫ് പുറത്തിറക്കി. യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗത്തിലാണ് 'സിൽവർ ലൈൻ ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ' എന്ന ലഘുലേഖ പ്രകാശനം ചെയ്തത്. പദ്ധതിയുടെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായ ലഘുലേഖ എല്ലാ വീടുകളിലുമെത്തിക്കും. പ്രതിപക്ഷമുന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ പദ്ധതിയുമായി മുന്നോട്ടുപോകാൻ അനുവദിക്കില്ല. മുഖ്യമന്ത്രി പദ്ധതി നടത്തുമെന്നാണ് പറയുന്നതെങ്കിൽ നടത്തില്ലെന്ന് തന്നെയാണ് തങ്ങളുടെ മറുപടിയെന്നും യു.ഡി.എഫ് വ്യക്തമാക്കി.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങൾ നടത്താതെയുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രേഖ കുറ്റപ്പെടുത്തുന്നു. 64941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കേരളത്തെ തെക്ക്-വടക്ക് വൻമതിലായി വെട്ടിമുറിക്കുന്നതിനൊപ്പം കിഴക്ക്, പടിഞ്ഞാറ് ദിക്കുകളെ തമ്മിൽ വേർതിരിക്കുന്ന വൻകോട്ടയായി മാറും. പരിസ്ഥിതി ആഘാത പഠനം പേരിനു മാത്രമാണ് നടത്തിയത്. പദ്ധതി നിലവിൽ വന്നാൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഭൂചലനത്തിനും സാധ്യതയുണ്ടെന്നും ഇരുവശത്തുമുള്ള ഭൂമിയുടെ വിനിയോഗത്തിൽ മാറ്റംവരുമെന്നും 164 സ്ഥലങ്ങളിലെ ജലനിർഗമന മാർഗങ്ങൾ തടസ്സപ്പെടുമെന്നും സർക്കാർ നിയോഗിച്ച ഏജൻസിയുടെ റിപ്പോർട്ടിലുണ്ട്.
കേന്ദ്ര സർക്കാറിന്റെയോ റെയിൽവേ മന്ത്രാലയത്തിന്റെയോ അന്തിമാനുമതി ലഭിക്കാതെ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ ധിറുതി കാട്ടുന്നതിൽ ദുരൂഹതയുണ്ട്. അപ്രായോഗികവും അശാസ്ത്രീയവുമായതിനാൽ യു.ഡി.എഫ് സർക്കാർ ഉപേക്ഷിച്ച പദ്ധതിയാണിത്. സിൽവർ ലൈനിനു ബദലായി മൂന്ന് പദ്ധതികൾ നിർദേശിക്കാം. നിലവിലെ റെയിൽ പാതയുടെ വളവുകൾ നികത്തി പുതിയ ലൈൻ സ്ഥാപിക്കാം. അതിന് 100 ഹെക്ടർ സ്ഥലം മതിയാകും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ കേന്ദ്ര പരിഗണനയിലുണ്ട്. 2025 ഓടെ 75 വന്ദേഭാരത് എക്സ്പ്രസുകൾ ഓടിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളം ഇതിന്റെ സാധ്യത തേടണമെന്നും ലഘുലേഖയിൽ ആവശ്യപ്പെടുന്നു.
'നിയമസഭ സമ്മേളനം വിളിക്കണം'
സില്‍വർ ലൈന്‍, സര്‍വകലാശാല വിഷയങ്ങളിൽ സമരരംഗത്തിറങ്ങാന്‍ യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം തീരുമാനിച്ചു. സിൽവർ ലൈൻ പദ്ധതി ചർച്ചചെയ്യാൻ അടിയന്തരമായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. പദ്ധതി കൂടുതല്‍ ദോഷകരമായി ബാധിക്കുന്ന കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സ്ഥിരം സമരം തുടങ്ങും. സർവകലാശാല വിഷയങ്ങളിൽ നടന്ന അനധികൃത ഇടപെടൽ ചൂണ്ടിക്കാട്ടി ജനുവരി 14ന് അഞ്ച് സര്‍വകലാശാലകളിലേക്ക് മാര്‍ച്ച് നടത്തും.
നിയമസഭയെ വിശ്വാസത്തിലെടുക്കാതെ പൗരപ്രമുഖരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി സില്‍വർ ലൈന്‍ പദ്ധതി വിശദീകരിക്കുന്നത് നിയമസഭയോടുള്ള അവഹേളനമാണെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച കൺവീനർ എം.എം. ഹസൻ പറഞ്ഞു. പദ്ധതിക്കെതിരെ സമരം നടത്തുന്നവരെ യോജിപ്പിച്ച് വ്യാപക പ്രക്ഷോഭത്തിലേക്ക് കടക്കും. പൗരപ്രമുഖരുമായുള്ള യോഗത്തിന് ബദലായി പദ്ധതി പ്രദേശങ്ങളില്‍ നൂറ് ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ വിദഗ്ധ ചര്‍ച്ച സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.