തദ്ദേശ തെരഞ്ഞെടുപ്പ് കോവിഡ് ശമിച്ചശേഷം മതിയെന്ന് യു.ഡി.എഫ്; അനിശ്ചിതമായി നീട്ടരുതെന്ന് എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നതുവരെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിെവക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വിളിച്ച സർവകക്ഷി യോഗത്തിൽ യു.ഡി.എഫ് ആവശ്യപ്പെട്ടു. എന്നാൽ, അനിശ്ചിതമായി നീട്ടരുതെന്ന് എൽ.ഡി.എഫ് നിലപാടെടുത്തു. അതേസമയം തെരഞ്ഞെടുപ്പ് മാറ്റരുതെന്നായിരുന്നു ബി.ജെ.പി നിലപാട്.
കോവിഡ് സാഹചര്യത്തിൽ ആരോഗ്യവിദഗ്ധരുമായും പൊലീസ് അധികാരികളുമായും കൂടിയാലോചിച്ചും മറ്റുവശങ്ങൾ പരിശോധിച്ചും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടുന്നതിന് പകരം അൽപനാളത്തേക്ക് മാറ്റിെവക്കാമെന്നായിരുന്നു നേരത്തേ സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലെ ധാരണ. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വെള്ളിയാഴ്ച വിളിച്ച സർവകക്ഷിയോഗത്തിൽ, രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഉടൻ തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കരുതെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്.
പ്രോക്സി വോട്ട് പാടില്ലെന്ന് എല്ലാ പാർട്ടികളും നിലപാടെടുത്തു. തെരഞ്ഞെടുപ്പ് തീയതി മാറ്റുന്നതുൾെപ്പടെ നിർദേശങ്ങളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഇനി തീരുമാനമെടുക്കണം. കോവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച കരട് മാർഗനിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
941 ഗ്രാമപഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ല പഞ്ചായത്തുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കും ആറ് കോർപറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. നിലവിലെ ഭരണസമിതികളുടെ കാലാവധി നവംബർ 11ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.