തൃക്കാ'കര' കയറാൻ യു.ഡി.എഫ്; കനത്ത പോരാട്ടത്തിലേക്ക് മണ്ഡലം
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ജയം ഉറപ്പിക്കേണ്ടത് കോണ്‍ഗ്രസിനും യു.ഡി.എഫിനും അനിവാര്യം. തദ്ദേശ-നിയമസഭ തോൽവികളില്‍നിന്ന് പാര്‍ട്ടിയും മുന്നണിയും കരകയറിയെന്ന വികാരം ഉയർത്താൻ ജയത്തില്‍ കുറഞ്ഞതൊന്നും ആലോചിക്കാനാവില്ല.
പൊതുവെ യു.ഡി.എഫ് അനുകൂലമെന്ന് കരുതുന്ന തൃക്കാക്കരയിൽ അടിതെറ്റിയാൽ വൻവില നൽകേണ്ടിവരുമെന്ന തിരിച്ചറിവിലാണ് നേതാക്കളെല്ലാം. അതിനാൽതന്നെയാണ് സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ ഉണ്ടാകാറുള്ള തമ്മിലടിയെന്ന പതിവിന് പകരം പുതിയൊരു കീഴ്വഴക്കം സൃഷ്ടിക്കാൻ സാധിച്ചത്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം സ്ഥാനാർഥിയെ നിർണയിച്ചതും ഉമ തോമസ് എന്ന ഒറ്റപ്പേര് മാത്രം ഹൈകമാൻഡിന് അയച്ചതും സംസ്ഥാന കോൺഗ്രസിൽ സമീപകാലത്ത് ആദ്യമാണ്. 40ഓളം വരുന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതിയംഗങ്ങൾ ഉൾപ്പെടെ ആരും മറ്റൊരു പേര് നിർദേശിക്കാൻ തയാറാകാഞ്ഞത് നേതൃത്വത്തിെൻറ ശ്രമം എളുപ്പത്തിലാക്കി. സംസ്ഥാന നേതാക്കൾ ഒന്നരമാസം മുമ്പുതന്നെ ഉമയുടെ സമ്മതം നേടിയിരുന്നു. പി.ടി തോമസിന് മണ്ഡലത്തിലുള്ള വൈകാരികബന്ധം ഉപയോഗപ്പെടുത്തുകയാണ് യു.ഡി.എഫ് ലക്ഷ്യം. മണ്ഡലത്തില്‍ ഉമക്കുള്ള വ്യക്തിബന്ധങ്ങളും ഗുണമാകുമെന്ന് വിലയിരുത്തുന്നു. അതേസമയം ഉമയുടെ സ്ഥാനാർഥിത്വത്തിനെതിരെ എറണാകുളം ജില്ലയില്‍ നിന്നുതന്നെ അപ്രതീക്ഷിതമായി ഉയർന്ന എതിര്‍ശബ്ദം നേതൃത്വത്തെ അമ്പരപ്പിച്ചു. വിമർശനം ഉന്നയിച്ച മുൻ എം.എൽ.എ ഡൊമനിക് പ്രസന്‍റേഷനെ വേഗം അനുനയിപ്പിക്കാൻ നേതാക്കൾക്ക് സാധിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലും പാര്‍ട്ടി പുനഃസംഘടനയിലും അവഗണിക്കപ്പെട്ടതാണ് ഡൊമിനിക്കിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.