സി.പി.എമ്മിെൻറ വർഗീയപരാമർശവും ശബരിമലയും ആയുധമാക്കാൻ യു.ഡി.എഫ്
text_fieldsജോൺ പി. തോമസ്
തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ വർഗീയ പരാമർശങ്ങളും ശബരിമല യുവതി പ്രവേശനവും നിയമസഭ തെരഞ്ഞെടുപ്പിൽ ആയുധമാക്കാൻ യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് നയിക്കുന്ന 'ഐശ്വര്യ കേരളയാത്ര'യുടെ ഉദ്ഘാടനചടങ്ങിലും തുടർന്നുമുണ്ടായ പ്രതികരണങ്ങൾ ഇതിെൻറ സൂചനയാണ്. സി.പി.എമ്മിെൻറ വർഗീയ ചേരിതിരിവ് നീക്കം ഉന്നയിച്ച് ന്യൂനപക്ഷ വോട്ടുകൾ വരുതിയിലാക്കുന്നതിെനാപ്പം അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്തുമെന്ന പ്രഖ്യാപനത്തിലൂടെ മുന്നാക്കവോട്ടും യു.ഡി.എഫ് ലക്ഷ്യമിടുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ തരാതരം വർഗീയത ആളിക്കത്തിച്ച് നേട്ടമുണ്ടാക്കിയ തന്ത്രം ആവർത്തിക്കാനാണ് ഇടതുശ്രമമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. ഇതു തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് സാധിച്ചിരുന്നില്ല. ഇൗ തന്ത്രം തുടരാനുള്ള എൽ.ഡി.എഫ് നീക്കത്തെ മുൻകൂട്ടി കണ്ട് സമർഥമായ തിരിച്ചടിക്കാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. പാണക്കാട് തങ്ങളുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയെ വിമർശിച്ച ഇടതുമുന്നണി കൺവീനറുടെ നടപടി യു.ഡി.എഫ് ആയുധമാക്കിക്കഴിഞ്ഞു. തങ്ങളുമായുള്ള കൂടിക്കാഴ്ചകളെ വിമർശിക്കുന്നതിലൂടെ ബി.ജെ.പി ൈശലിയിലേക്ക് സി.പി.എമ്മും മാറിയെന്നാണ് ആരോപണം. ഇത്തരം വിർമശനത്തിലൂടെ വർഗീയ ചേരിതിരിവിനാണ് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
ശബരിമല വിവാദം ഇപ്പോഴത്തെ സാഹചര്യത്തിൽ എൽ.ഡി.എഫ് ഒാർക്കാൻപോലും ആഗ്രഹിക്കുന്ന ഒന്നല്ല. അതിനാലാണ് വിഷയത്തിൽ ഇടതു നേതൃത്വം തൽക്കാലത്തേക്കെങ്കിലും മൗനം പാലിക്കുന്നത്. എന്നാൽ, കോൺഗ്രസ്-ലീഗ് ബന്ധം പറഞ്ഞ് ഹൈന്ദവ വോട്ട് സ്വന്തമാക്കാനുള്ള ഇടതുശ്രമത്തെ ശബരിമല ഉയർത്തി പ്രതിരോധിക്കാനാണ് യു.ഡി.എഫ് ശ്രമം. ഭക്തരുടെ വികാരം കണക്കിലെടുക്കാതെ യുവതികളെ ശബരിമലയിൽ എത്തിച്ച് ശബരിമലയെ വിവാദകേന്ദ്രമാക്കിയത് സംസ്ഥാന സർക്കാറാണെന്നാണ് യു.ഡി.എഫ് ആക്ഷേപം. യുവതിപ്രവേശനത്തിന് അനുകൂലമായ മുൻനിലപാട് തിരുത്തി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാതെ വിശ്വാസികളെ ഇപ്പോഴും വഞ്ചിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമല യു.ഡി.എഫിന് ഏറെ ഗുണം ചെയ്തിരുന്നു. അതിനാൽതന്നെ ഹൈന്ദവ വോട്ടിൽ കണ്ണുംനട്ടുള്ള സി.പി.എം നീക്കത്തെ ശബരിമലയിലൂടെ തടയിടാമെന്ന് യു.ഡി.എഫ് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.