യു.ഡി.എഫ് അടുത്തതവണ ശക്തമായി തിരിച്ചുവരും -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsതിരുവനന്തപുരം: അടുത്തതവണ യു.ഡി.എഫ് ശക്തമായി തിരിച്ചുവരുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. എൽ.ഡി.എഫിന് ഇവിടെ ശാശ്വതഭരണമൊന്നുമല്ല. അതിന്‍റെ ഉദാഹരണമാണ് തൃക്കാക്കരയിൽ കണ്ടത്. നല്ല ആത്മവിശ്വാസത്തിലാണ് തങ്ങൾ. കോവിഡ് പശ്ചാത്തലത്തിലാണ് ഇടതുപക്ഷത്തിന് തുടർഭരണം കിട്ടിയത്. പെർഫോമൻസിന്‍റെ അടിസ്ഥാനത്തിലാണ് തൃക്കാക്കരയിൽ യു.ഡി.എഫിന് വലിയ വിജയം കിട്ടിയത്. ഇടതുപക്ഷത്തിന്‍റെ കഴിഞ്ഞ ഒരുവർഷത്തെ പെർഫോമൻസ് വളരെ മോശമാണ്.
കേരളത്തിൽ മൂന്നാം മുന്നണിയുടെ ശക്തി കുറഞ്ഞുവരുകയാണെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ സ്നേഹവും സഹവർത്തിത്വവും വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ലീഗ് നടത്തുന്നത്. ഇപ്പോൾ ഉണ്ടാകുന്ന അപസ്വരങ്ങൾ മുളയിലേ നുള്ളണം. ബഹുസ്വരത പ്രോത്സാഹിപ്പിക്കണം. താഴേത്തട്ടിലേക്ക് ഈ ചിന്ത വ്യാപിപ്പിക്കാനാണ് ജില്ലകൾ തോറും ലീഗ് സൗഹൃദ സദസ്സുകൾ സംഘടിപ്പിക്കുന്നത്. അത്ഭുതകരമായ പ്രതികരണമാണ് ഇതിനു ലഭിക്കുന്നത്. എല്ലാ മതമേലധ്യക്ഷരും സർവവിധ പിന്തുണയും അറിയിച്ചിട്ടുണ്ട്.
ഭൂരിപക്ഷ- ന്യൂനപക്ഷ വിഭാഗങ്ങൾ തമ്മിലും ന്യൂനപക്ഷത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുമെല്ലാം ചില തെറ്റിദ്ധാരണകളുണ്ട്. വാദപ്രതിവാദങ്ങളല്ല, ഒത്തുതീർപ്പുകളാണ് വേണ്ടത്. കേന്ദ്രം കൊണ്ടുവന്ന അഗ്നിപഥ് പദ്ധതി എതിർക്കപ്പെടേണ്ടതാണ്. ജോലിക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് ഇതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, മുൻ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ, എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം, എൻ. ഷംസുദ്ദീൻ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.