സത്യപ്രതിജ്ഞ ചടങ്ങിൽ യു.ഡി.എഫ് പങ്കെടുക്കില്ല; എം.എൽ.എമാരും എം.പിമാരും വീട്ടിലിരുന്ന് കാണും
text_fieldsതിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിൽ യു.ഡി.എഫ് നേരിട്ട് പങ്കെടുക്കില്ലെന്ന് കൺവീനർ എം.എം ഹസൻ. കോവിഡിന്‍റെ തീവ്ര സാഹചര്യത്തിൽ സത്യപ്രതിജ്ഞ നടത്തുന്നതിെനതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് തീരുമാനം.
ലളിതമായാണ് ചടങ്ങ് നടത്തേണ്ടതെന്നും ഗുരുതര സാഹചര്യത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് തെറ്റാണെന്നും ഹസൻ പറഞ്ഞു. യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരും ചടങ്ങ് ബഹിഷ്കരിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞപോലെ വീട്ടിലിരുന്ന് കാണുമെന്നും ഹസൻ കൂട്ടിച്ചേർത്തു.
ബഹിഷ്കരണം എന്ന വാക്കുപയോഗിക്കാതെ മുഖ്യമന്ത്രിയുടെ വീട്ടിലിരുന്ന് കാണണം എന്ന പ്രയോഗം ഉപയോഗിച്ച് തന്ത്രപരമായ പ്രസ്താവനയാണ് ഹസൻ പുറത്തിറക്കിയത്. സത്യപ്രതിജ്ഞ യു.ഡി.എഫ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ പ്രേമചന്ദ്രൻ എം.പി, എം.എസ്.എഫ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ളവർ ചടങ്ങിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ചടങ്ങുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനം. 50000ത്തിലേറെ പേർക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തിൽ പരമാവധി 500ഓളം പേർ പങ്കെടുക്കുമെന്നും കഴിഞ്ഞ സർക്കാർ 40000ത്തിലധികം പേരുടെ സാന്നിധ്യത്തിൽ നടത്തിയ പരിപാടിയാണ് പ്രത്യേക സാഹചര്യത്തിൽ ചുരുക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.