യു.ഡി.എഫ് 26ന് ഭരണഘടനാ സംരക്ഷണ ദിനാചരണം നടത്തും; എം.എം ഹസന്‍
text_fieldsതിരുവനന്തപുരം: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ 26ന് ഭരണഘടനാ സംരക്ഷണദിനാചരണം നടത്തുമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍. അന്ന് വൈകീട്ട് അഞ്ചിന് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഭരണഘടനാ സംരക്ഷണ സായാഹ്ന സദസുകള്‍ സംഘടിപ്പിക്കും. ഭരണകൂടത്തില്‍ നിന്നു ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള പ്രചാരണമായി സദസ് മാറും. യു.ഡി.എഫ് നേതാക്കള്‍ക്ക് പുറമേ ഭരണഘടനാ വിദഗ്ധര്‍, പ്രമുഖ നിയമജ്ഞര്‍ എന്നിവരെയും സദസില്‍ പങ്കെടുപ്പിക്കും.
ഭരണഘടനാ ശിൽപികളെ കുറിച്ച് അനുസ്മരണവും നടത്തും. ഭരണഘടനയുടെ ആമുഖം വായിച്ച് കൊണ്ട് ഭരണഘടനാ സംരക്ഷണത്തിന്റെ തുടക്കം കുറിയ്ക്കും.കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഭരണഘടനയെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങളെ തടയാന്‍ രാഹുല്‍ ഗാന്ധി ആരംഭിച്ച ഭരണഘടനാ സംരക്ഷണ പ്രചാരണത്തിന്റെ തുടര്‍ച്ചയാണിത്.
കേന്ദ്രസര്‍ക്കാറിന്റെ പല നയങ്ങളും ഭരണഘടനക്ക് തുരങ്കം വയ്ക്കുന്നതാണ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പെന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കം, ഏകീകൃത വ്യക്തിനിയമം തുടങ്ങിയവ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന നല്‍കുന്ന മൗലികവകാശങ്ങളുടെ ലംഘനമാണ് മണിപ്പൂരിലും ജമ്മുകശ്മീരിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞാലംഘനം നടത്തിയ സജിചെറിയാന്‍ രാജിവെക്കണം. മന്ത്രിയെ വെള്ള പൂശിക്കൊണ്ട് പൊലീസ് കൊടുത്തത് ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ്. പുനരന്വേഷണത്തിന് കാത്ത് നില്‍ക്കാതെ മന്ത്രി രാജിവെക്കണം. മന്ത്രിപദവിയിലിരുന്നുകൊണ്ട് നടത്തുന്ന അന്വേഷണം തികച്ചും ഏകപക്ഷീയമായിരിക്കും. ഉപതിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് വിജയിക്കും. പാലക്കാട് എല്‍.ഡി.എഫ് നടത്തിയത് തരംതാണ വര്‍ഗീയ പ്രചാരണമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പാണക്കാട് തങ്ങളെ സന്ദീപ് വാര്യര്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയത് തരംതാണ പ്രതികരണമാണ്.
രണ്ട് സമുദായ സംഘടനകളുടെ പത്രത്തില്‍ സന്ദീപ് വാര്യര്‍ക്കെതിരെ പത്രങ്ങളില്‍ വന്ന പരസ്യം വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ തുടര്‍ച്ചയാണ്. വര്‍ഗീയ പ്രചാരണം നടത്തുന്നതില്‍ അഗ്രഗണ്യനായിരുന്ന ഇ.എം.എസിനേക്കാള്‍ മുമ്പില്‍ പിണറായി വിജയനാണ്. കമ്മ്യൂണിസ്റ്റ് അധ:പതിച്ചാല്‍ വര്‍ഗീയവാദിയാകും. വര്‍ഗീയവാദി അധ:പതിച്ചാല്‍ പിണറായി വിജയനാകുമെന്നുമാണ് ഈ തിരഞ്ഞെടുപ്പില്‍ നിന്നും വ്യക്തമായതെന്നും എം.എം. ഹസന്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.