എറണാകുളത്ത് യു.ഡി.എഫിന് തിളക്കം മങ്ങിയ ജയം
text_fieldsകൊച്ചി: കോൺഗ്രസിെൻറ ശക്തികേന്ദ്രങ്ങളിലൊന്നായ എറണാകുളം ജില്ലയിൽ യു.ഡി.എഫിന് തിളക്കം മങ്ങിയ ജയം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും റെക്കോഡ് ഭൂരിപക്ഷം യു.ഡി.എഫിന് സമ്മാനിച്ച ജില്ലയിൽ പലേടത്തും ഭൂരിപക്ഷത്തിൽ ഇക്കുറി കാലിടറി. മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്നിവിടങ്ങളിൽ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം നിലനിർത്താൻ യു.ഡി.എഫിനായെങ്കിലും പലേടത്തും കേവല ഭൂരിപക്ഷം നേടാനായില്ല.
പ്രധാന മുന്നണികളെയൊക്കെ വിറപ്പിച്ച് 'ട്വൻറി 20' കിഴക്കമ്പലം കടന്ന് കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ എന്നിവിടങ്ങളിലേക്കും ഭരണമുറപ്പിക്കാൻ പോകുന്നുവെന്നത് ജില്ലയിലെ വലിയ മുന്നേറ്റമെന്ന് വിശേഷിപ്പിക്കാം. വെങ്ങോല പഞ്ചായത്തിൽ ഏഴിടത്ത് നിർണായകശക്തിയായി അവർ മാറിയിരിക്കുകയാണ്. ജില്ല പഞ്ചായത്തിലെ കോലഞ്ചേരി, വെങ്ങോല ഡിവിഷനുകളിൽ ട്വൻറി 20 വിജയിക്കുകയും ചെയ്തു.
കോർപറേഷനിലെ 57 ഡിവിഷനുകളിൽ മത്സരിച്ച വി ഫോർ കൊച്ചി യു.ഡി.എഫിെൻറ നല്ലൊരു ശതമാനം വോട്ട് ചോർത്തി. മൂന്നിടത്ത് യു.ഡി.എഫിനെ പിന്തള്ളി അവർ രണ്ടാം സ്ഥാനത്തുവരുകയും ചെയ്തു. കോർപറേഷൻ ഭരണം കഴിഞ്ഞ 10 വർഷത്തിനുശേഷം യു.ഡി.എഫിെൻറ പക്കൽനിന്ന് ഇത്തവണ വഴുതുകയാണ്. വലിയ ഒറ്റക്കക്ഷിയായി എൽ.ഡി.എഫ് മാറിയതോടെ ഭരണം പിടിക്കാനുള്ള യു.ഡി.എഫ് പ്രതീക്ഷ മങ്ങി. ആകെയുള്ള 74 ഡിവിഷനിൽ 34 ഇടത്ത് എൽ.ഡി.എഫും 31 ഡിവിഷനിൽ യു.ഡി.എഫും അഞ്ചിടത്ത് എൻ.ഡി.എയും നാലിടത്ത് സ്വതന്ത്രരും വിജയിച്ചു. സ്വതന്ത്രർ നിർണായകമാണെങ്കിലും സാധ്യത ഏറുന്നത് എൽ.ഡി.എഫിനുതന്നെയാണ്. എങ്കിലും ഭരണം നിലനിർത്താൻ യു.ഡി.എഫും തന്ത്രങ്ങൾ മെനയുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 39ഉം എൽ.ഡി.എഫിന് 33ഉം എൻ.ഡി.എക്ക് രണ്ടും സീറ്റാണ് ഉണ്ടായിരുന്നത്.
14 ബ്ലോക്ക് പഞ്ചായത്തിൽ ഏഴിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എൽ.ഡി.എഫും രണ്ടിടത്ത് ട്വൻറി 20യും നിർണായകവുമാണ്. കഴിഞ്ഞതവണ ഒമ്പതിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എൽ.ഡി.എഫുമായിരുന്നു. ജില്ല പഞ്ചായത്തിലെ ആകെയുള്ള 27 ഡിവിഷനുകളിൽ യു.ഡി.എഫ് 16ഉം എൽ.ഡി.എഫ് ഒമ്പതും രണ്ടിടത്ത് ട്വൻറി 20 യും വിജയിച്ചു. കഴിഞ്ഞതവണ യു.ഡി.എഫിന് 15ഉം എൽ.ഡി.എഫിന് 12ഉം സീറ്റാണുണ്ടായിരുന്നത്. ഇക്കുറി രണ്ടുസീറ്റ് എൽ.ഡി.എഫിന് നഷ്ടമാവുകയും ചെയ്തു.
13 മുനിസിപ്പാലിറ്റികളിൽ എട്ടിടത്ത് യു.ഡി.എഫും അഞ്ചിടത്ത് എൽ.ഡി.എഫും നേടി. എന്നാൽ, നാലിടത്ത് മാത്രമാണ് യു.ഡി.എഫിന് കേവല ഭൂരിപക്ഷമുള്ളത്. കഴിഞ്ഞതവണ ഏഴിടത്ത് യു.ഡി.എഫും ആറിടത്ത് എൽ.ഡി.എഫും വിജയിച്ചിരുന്നു. ആകെയുള്ള 82 ഗ്രാമപഞ്ചായത്തിൽ 51 ഇടത്ത് യു.ഡി.എഫും 20 ഇടത്ത് എൽ.ഡി.എഫും, എൽ.ഡി.എഫ് സ്വതന്ത്രന്മാരുൾെപ്പടെ 11 ഇടത്ത് മറ്റുള്ളവരും ഭരണം ഉറപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.