ആർക്കും പിടികൊടുക്കാതെ ഉദുമ
text_fieldsഉദുമ: മത്സരം കടുപ്പിച്ച് ആർക്കും പിടികൊടുക്കാതെയാണ് ഉദുമ മണ്ഡലം. എട്ടു പഞ്ചായത്തുകളിൽ രണ്ടെണ്ണം ഒഴികെ മറ്റ് ആറു പഞ്ചായത്തുകളും എൽ.ഡി.എഫ് ആണ് ഭരിക്കുന്നതെങ്കിലും നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ഉദുമ മണ്ഡലം വൻ ആകാംക്ഷയിലാണ് നിൽക്കുന്നത്.
1977ല്‍ രൂപംകൊണ്ട ഉദുമ നിയോജക മണ്ഡലത്തില്‍ നിലവില്‍ ചെമ്മനാട്, മുളിയാര്‍, ദേലംപാടി, ഉദുമ, പള്ളിക്കര, ബേഡഡുക്ക, പുല്ലൂര്‍-പെരിയ, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളാണ് ഉള്‍പ്പെടുന്നത്.
ഇതിൽ ഉദുമ, പുല്ലൂർ പെരിയ പഞ്ചായത്തുകൾ ഇടത്തോട്ടും വലത്തോട്ടും മാറിമാറി ഭരണം കൈയാളുന്ന അവസ്ഥയാണ്. കളനാട്, തെക്കില്‍, മുളിയാര്‍, ദേലംപാടി, അഡൂര്‍, ബാര, ഉദുമ, പള്ളിക്കര-രണ്ട്, പനയാല്‍, പള്ളിക്കര, മുന്നാട്, ബേഡഡുക്ക, കൊളത്തൂര്‍, പെരിയ, പുല്ലൂര്‍, ബന്തടുക്ക, കരിവേടകം, കുറ്റിക്കോല്‍ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് ഉദുമ മണ്ഡലം.
198 ബൂത്തുകളാണ് ഈ മണ്ഡലത്തിലുള്ളത്. 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 75.87ശതമാനവും (1,28,832 സമ്മതിദായകര്‍), 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 156 ബൂത്തുകളിലായി 71.49ശതമാനവും (1,24,238 വോട്ടര്‍മാര്‍) ആയിരുന്നു ഉദുമയിലെ പോളിങ്.
2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ ആകെ 1,73,441 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 83,832 പുരുഷന്മാരും 89,609 സ്ത്രീകളുമായിരുന്നു. ഇതില്‍ 1,28,313 പേരാണ് വോട്ട് ചെയ്തത്.
73.98 ശതമാനമായിരുന്നു പോളിങ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 80.16 ശതമാനമായിരുന്നു ഉദുമ മണ്ഡലത്തിലെ പോളിങ്. 97,117 പുരുഷന്മാരും 1,02,712 സ്ത്രീകളുമുള്‍പ്പെടെ 1,99,829 വോട്ടര്‍മാരായിരുന്നു 2016ല്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 73,654 പുരുഷന്മാരും 86,524 സ്ത്രീകളുമുള്‍പ്പെടെ ആകെ 1,60,178 ആളുകളാണ് വോട്ട് ചെയ്തത്.
ഇടതുപക്ഷത്തിന് ആഭിമുഖ്യമുള്ള മണ്ഡലമായിരുന്നു ഉദുമ. നിയോജക മണ്ഡലത്തിന്റെ മൊത്തം ചരിത്രം പരിശോധിച്ചാലും എൽ.ഡി.എഫിന് തന്നെയാണ് മുൻതൂക്കം. എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാജ്മോഹൻ ഉണ്ണിത്താൻ ഉദുമയിൽ മാത്രം നേടിയത് 9000 വോട്ടിന്റെ ലീഡ്.
എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. ഫലം ആര്‍ക്ക് അനുകൂലമാകുമെന്ന പ്രവചനം അതുകൊണ്ടുതന്നെ അസാധ്യമെന്ന വിലയിരുത്തലാണ് ഈ ഘട്ടത്തിൽ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലം യു.ഡി.എഫിലേക്ക് ചാഞ്ഞതിനാൽ നിയമസഭയിൽ സി.എച്ച്. കുഞ്ഞമ്പുവിനെ മുൻനിർത്തി ജീവൻമരണ പോരാട്ടമാണ് എൽ.ഡി.എഫ് നടത്തിയത്. അതിൽ ഇടതുപക്ഷത്തിന് വിജയിക്കാനും കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.