ഹിജാബ് നിരോധിക്കാൻ തുടക്കമിട്ട ബി.ജെ.പി എം.എൽ.എക്ക് ടിക്കറ്റ് നിഷേധിച്ചു; മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞു
text_fieldsഉഡുപ്പി: കർണാടകയിൽ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനത്തിന് മുൻകൈയെടുത്ത ഉഡുപ്പി എംഎൽഎ രഘുപതി ഭട്ടിന് വരുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചു. വിവരമറിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ ഭട്ട് വിതുമ്പിക്കരഞ്ഞു. പാർട്ടി പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതേക്കുറിച്ച് തന്നെ ഒന്നും അറിയിച്ചില്ലെന്നും പരിഭവം പറഞ്ഞ അദ്ദേഹം, ‘അവർ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ സ്വയം രാജിവെക്കുമായിരുന്നു" എന്നും പ്രതികരിച്ചു.
രഘുപതി ഭട്ടിന് പകരം യശ്പാൽ സുവർണയെയാണ് പാർട്ടി സ്ഥാനാർഥിയാക്കിയത്. തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിലല്ലാതെ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും രഘുപതി ഭട്ട് പറഞ്ഞു. ‘ടിക്കറ്റ് ലഭിക്കാത്തതിൽ തനിക്ക് വിഷമമില്ല. പക്ഷേ, പാർട്ടി തന്നോട് പെരുമാറിയ രീതിയിൽ വേദനയുണ്ട്. ഒരു ആശയവിനിമയവുമില്ലാതെയാണ് എന്നെ പുറത്താക്കിയത്’ -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ജനാർദന റെഡ്ഡിയുടെ പാർട്ടിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ കിംവദന്തികളാണ്. തന്റെ ജാതിയുടെ പേരിൽ പാർട്ടി തന്നെ ഇറക്കിവിടുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി നേതൃത്വവുമായോ പ്രധാനമന്ത്രി മോദിയുമായോ എനിക്ക് പരാതികളൊന്നുമില്ല. പക്ഷേ പാർട്ടിക്ക് ഞാൻ ആവശ്യമില്ലാത്ത ആളായിരുന്നോ? പാർട്ടി പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് ഞാൻ അറിഞ്ഞത്, ഈ നീക്കത്തെക്കുറിച്ച് എന്നെ അറിയിച്ചില്ല, അവർ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ സ്വയം രാജിവെക്കുമായിരുന്നു’ -ഭട്ട് പറഞ്ഞു.
കർണാടകയിൽ ഹിജാബ് ആദ്യമായി നിരോധിച്ച ഉഡുപ്പി ഗവൺമെന്റ് കോളജിന്റെ വികസന സമിതി ചെയർമാനായിരുന്നു ഉഡുപ്പിയിലെ ബിജെപി എംഎൽഎയായ രഘുപതി ഭട്ട്. ഹിജാബ് ധരിച്ച പെൺകുട്ടികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് വിലക്കിയതിന്റെ പേരിലാണ് ഭട്ട് ആദ്യം വാർത്തകളിൽ ഇടംപിടിച്ചത്.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ 189 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. ടിക്കറ്റ് ലഭിച്ച 189 പേരിൽ 52 പേർ പുതുമുഖങ്ങളാണ്. ഒബിസി വിഭാഗത്തിൽ നിന്ന് 32 പേരും പട്ടികജാതി വിഭാഗത്തിൽ നിന്ന് 30 പേരും പട്ടികവർഗ വിഭാഗത്തിൽ നിന്ന് 16 പേരും പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.